HOME
DETAILS

'രാജ്യദ്രോഹം' പുനര്‍ നിര്‍വചിക്കപ്പെടുമ്പോള്‍

  
backup
October 12 2019 | 18:10 PM

rajyam

 

 

ഇന്നു രാജ്യമൊട്ടാകെ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് 'രാജ്യദ്രോഹം'. തോമസ് ബാബിങ്ടണ്‍ മൊക്കോളെ പ്രഭു ചെയര്‍മാനായിരുന്ന പ്രഥമ നിയമ കമ്മിഷന്‍ 1860ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് അന്തിമരൂപം നല്‍കിയപ്പോള്‍ 'രാജ്യദ്രോഹം'കുറ്റമാക്കിക്കൊണ്ടുള്ള 124 എ വകുപ്പ് ഉണ്ടായിരുന്നില്ല. പിന്നീട് 1870ലെ ഒരു ഭേദഗതിയില്‍ കൂടിയാണ് രാജ്യദ്രോഹക്കുറ്റം വിവരിക്കുന്ന 124 എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൂട്ടിച്ചേര്‍ത്തത്. ആരംഭത്തില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ പിഴയോടുകൂടിയോ അല്ലെങ്കില്‍ പിഴയോടുകൂടിയ നാടുകടത്തലോ ആയിരുന്നു 124 എ വകുപ്പ് അനുസരിച്ചുള്ള രാജ്യദ്രോഹത്തിനുള്ള ശിക്ഷ. പിന്നീട് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം 1956 ജനുവരി ഒന്നു മുതല്‍ നാടുകടത്തല്‍ എന്നതുമാറ്റി ജീവപര്യന്തം തടവുശിക്ഷയാക്കി ഭേദഗതി ചെയ്തു.
ഭരണഘടനയില്‍ ഒരിടത്തും യാതൊരു നിര്‍വചനവും നല്‍കിയിട്ടില്ലാത്ത 'രാജ്യദ്രോഹം'എന്ന പദത്തിനു ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള നിര്‍വചനമെന്നാല്‍ പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ അല്ലെങ്കില്‍ ആംഗ്യങ്ങളാലോ ദൃശ്യപ്രതി രൂപത്താലോ മറ്റു പ്രകാരത്തിലോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സര്‍ക്കാരിന്റെ പേരില്‍ വെറുപ്പോ നിന്ദ്യമോ ജനിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ അല്ലെങ്കില്‍ അപ്രീതി ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന നടപടിയെയാണ് രാജ്യദ്രോഹമെന്നു നിര്‍വചിച്ചിരിക്കുന്നത്.
ഈ വകുപ്പിന്റെ വിശദീകരണക്കുറിപ്പില്‍ 'അപ്രീതി' എന്ന പദത്തില്‍ കൂറില്ലായ്മയും ശത്രുതാപരമായ എല്ലാവികാരങ്ങളും ഉള്‍പ്പെടുന്നുവെന്നും സര്‍ക്കാരിന്റെ നടപടികളെ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഭേദപ്പെടുത്തി കിട്ടുകയെന്ന ലക്ഷ്യത്തോടെ വെറുപ്പോ നിന്ദ്യമോ അപ്രീതിയോ ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കാതെ അവയെക്കുറിച്ച് പ്രതികൂലാഭിപ്രായം പ്രകടിപ്പിച്ചുള്ള വിമര്‍ശനങ്ങളെ ഈ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലെന്നും സര്‍ക്കാരിന്റെ ഭരണപരമായ മറ്റുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതികൂലാഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളും ഈ വകുപ്പിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമല്ലെന്നും വിവരിച്ചിട്ടുണ്ട്. 1898ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെ കൊണ്ടുവന്ന ഭേദഗതിയില്‍ കൂടിയാണ് രാജ്യദ്രോഹക്കുറ്റത്തില്‍ 'വെറുപ്പും നിന്ദ'യും കൂട്ടിച്ചേര്‍ത്ത് നിര്‍വചനത്തിന്റെ വ്യാപ്തി വിപുലീകരിച്ചിട്ടുണ്ടായിരുന്നത്.
സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൊളോണിയല്‍ ഭരണകൂടത്തിനെതിരേയുള്ള വിയോജന ശബ്ദം ഇല്ലാതാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി 124 എ വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഏറ്റവും സുപ്രധാനമായ രണ്ടുകേസുകള്‍ ബാലഗംഗാധര തിലകനും മഹാത്മാ ഗാന്ധിക്കുമെതിരേയുള്ളവയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രസംഗിച്ചതിനു തിലകനെതിരേ ചാര്‍ജ് ചെയ്ത കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരേയുള്ള അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ മൂന്നിനെതിരേ ആറംഗ ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയില്‍ ശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്. (ക്വീന്‍ എംപ്രസ് വേഴ്‌സസ് ബാലഗംഗാധര്‍ തിലക്, ഐ.എല്‍.ആര്‍ 22 ബോംബെ 112). മഹാത്മാ ഗാന്ധിയെ പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ വിമര്‍ശിക്കേണ്ടതു തന്റെ പരമപ്രധാനമായ കടമയും ഉത്തരവാദിത്വവുമാണെന്നു പറഞ്ഞ് കുറ്റം സമ്മതിച്ച് ജയില്‍വാസം അനുഭവിക്കുകയാണുണ്ടായിരുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവച്ചുകൊണ്ടുള്ള കേദാര്‍നാഥ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബിഹാര്‍ (എ.ഐ.ആര്‍ 1962 എസ്.സി 958) കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രസ്തുത വകുപ്പ് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള ദുരുപയോഗം തടയാനാകും വിധം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങളിലെ വിമര്‍ശനങ്ങള്‍ 'രാജ്യദ്രോഹ' കുറ്റത്തിന്റെ നിര്‍വചനത്തില്‍പെടില്ലെന്നും വിമര്‍ശനങ്ങള്‍ പരിധികടന്ന് കലാപത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥയും പൊതുസമാധാന തകര്‍ച്ചയും സൃഷ്ടിക്കുന്ന നടപടികള്‍ മാത്രമേ 'രാജ്യദ്രോഹ'ത്തിന്റെ നിര്‍വചനത്തില്‍ പെടുകയുള്ളൂവെന്നു കേദാര്‍നാഥ് കേസിലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി 124 എ വകുപ്പിന്റെ വ്യാഖ്യാനത്തിന് സുപ്രധാന മാര്‍ഗരേഖയാണ്.19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും രാജ്യത്ത് ബ്രിട്ടീഷ് ഭരണം കൊടികുത്തിവാഴുമ്പോള്‍ കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ ഭരണം ഊട്ടിയുറപ്പിക്കുവാനും തങ്ങള്‍ക്കെതിരേയുള്ള വിയോജന ശബ്ദങ്ങളെ നിശബ്ദമാക്കാനുമായി ഉപയോഗിച്ച 124 എ വകുപ്പ് അനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം, രാജ്യവ്യാപകമായി മോദി ഭരണകൂടം തങ്ങള്‍ക്കെതിരേ സദുദ്ദേശ്യത്തോടുകൂടി വിയോജനശബ്ദം പുറപ്പെടുവിക്കുന്ന ചിന്തകന്‍മാര്‍, ചരിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേ ചുമത്തി വ്യാപകമായി കേസ് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതി വിശേഷമാണു രാജ്യത്തു സംജാതമായിരിക്കുന്നത്.
ഒന്നാം മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കിയ പൗരത്വ ബില്ലിനെതിരേ പ്രസ്താവന നടത്തിയതിന് അസമിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യപുരസ്‌കാര ജേതാവുമായ ഹിരണ്‍ ഗോഹയിനും മറ്റുമെതിരേ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 124 എ വകുപ്പ് ചുമത്തി കേസെടുക്കുകയുണ്ടായി.
കൂടാതെ കര്‍ഷക പ്രക്ഷോഭ നേതാവ് അഹല്‍ ഗോഗോയി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മള്‍ജിത്ത് മഹന്ത എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹം ആരോപിച്ച് കേസെടുത്തതു ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍, സയ്യിദ് ഉമര്‍ ഖാലിദ്, അനില്‍ഭാന്‍ ഭട്ടാചാര്യ എന്നിവര്‍ കാംപസില്‍ പ്രകടനം നടത്തിയതിനു രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടായിരുന്നു. വിശ്വപ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സംവിധായകന്‍ ശ്യാം ബെനഗല്‍, മണിരത്‌നം, അനുരാഗ് കശ്യപ് തുടങ്ങി 49 പ്രമുഖ വ്യക്തികള്‍, രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കു കത്തയച്ചതിന്റെ പേരില്‍ രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബിഹാര്‍ പൊലിസ് കേസെടുത്തതു മുസഫര്‍പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു കാരണഹേതുവായ പ്രസ്തുത നടപടി കാരണം പിന്നീടു പൊലിസിനു തന്നെ കേസ് അവസാനിപ്പിക്കേണ്ടി വന്നു. ദുഷ്ടലാക്കോടെയുള്ള പ്രസ്തുത നടപടികള്‍ സൂക്ഷ്മ പരിശോധന നടത്തി വിവേകപൂര്‍വം പ്രവര്‍ത്തിക്കേണ്ട കോടതികള്‍ യാന്ത്രികമായി പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകള്‍ കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ തകര്‍ച്ചയ്ക്കു കാരണഹേതുവാകും.
ഏതൊരു രാജ്യത്തിന്റെയും ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വഭാവം തിരിച്ചറിയുന്ന ഉരക്കല്ലായി കണക്കാക്കുന്നത് ആ രാജ്യത്തിന്റെ ശിക്ഷാ നിയമങ്ങളാണ്. ഉദാഹരണമായി പൗരോഹിത്യ ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് വധശിക്ഷ പോലും നല്‍കാവുന്ന കുറ്റം മതനിന്ദ യായിരിക്കും. അല്ലാതെ, മാനനഷ്ടമോ പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നടപടികളോ ആയിരിക്കില്ല പ്രധാന കുറ്റങ്ങള്‍. അതേപോലെ തന്നെ ആധുനിക വാണിജ്യ രാഷ്ട്രങ്ങളില്‍ ബാങ്കിങ് സംബന്ധിച്ച വെള്ളക്കോളര്‍ കുറ്റങ്ങളും വ്യാജ കറന്‍സിയുടെ അച്ചടിയും വിതരണവുമായിരിക്കും ഏറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍.
കാര്‍ഷിക രാജ്യങ്ങളില്‍ അതിര്‍ത്തി തര്‍ക്കങ്ങളും പട്ടാള ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മേലധികാരികളോടുള്ള അനുസരണക്കേടും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകളും ഗൗരവമേറിയ കുറ്റമായി പരിഗണിക്കുന്നതാണ്. പക്ഷേ വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും പോലെ അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയിട്ടുള്ള ശക്തമായ ഭരണഘടനയുള്ള ഇന്ത്യയില്‍ കൊളോണിയല്‍ ചുവയുള്ള പഴകിദ്രവിച്ച 124 എ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നതു മാറിമാറി വരുന്ന സര്‍ക്കാരുകളുടെ സമീപനത്തിലെ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നാളെകളില്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്കു തന്നെ ഭീഷണിയായി മാറും.
മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനും ഹൈക്കോടതിയിലെ
അഭിഭാഷകനുമാണു ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago