മത്സ്യത്തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവം; പ്രതി റിമാന്റില്‍
അഞ്ചാലുമ്മൂട്: മരം മുറിച്ചുനീക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. അഷ്ടമുടി ജലറാണി പള്ളിക്ക് സമീപം തൃക്കരുവ തട്ടുവിള ബീനാ നിവാസില്‍ എഡ്വേര്‍ഡ് ജോസഫ്(67) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുങ്ങിയ അയല്‍വാസി തട്ടുവിള ജോസ് ഭവനില്‍ ക്രിസ്റ്റഫറി(38)നെ ചിറ്റുമല ഭാഗത്ത് നിന്നാണ് കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.
എഡ്വേര്‍ഡിന്റെ പുരയിടത്തിലെ ആഞ്ഞിലിയില്‍ നിന്ന് ഇലയും മറ്റും ക്രിസ്റ്റഫറിന്റെ വീടിന്റെ മുകളിയേക്ക് വീഴുന്നതിനാല്‍ മരം മുറിച്ചുനീക്കണമെന്ന് ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടിരുന്നു. ചില്ലകള്‍ എഡ്വേര്‍ഡ് വെട്ടിമാറ്റിയിരുന്നതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ച് ഇവര്‍തമ്മില്‍ കുറച്ചുനാളായി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ വീടിന് സമീപത്തെ റോഡില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് എഡ്വേര്‍ഡിന്റെ കഴുത്തിലും വയറിലും ക്രിസ്റ്റഫര്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങാനെന്ന വ്യാജേന എത്തിയ ക്രിസ്റ്റഫര്‍ പിന്നീട് മുങ്ങുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്നലെയാണ് അഞ്ചാലുംമൂട് പൊലിസ് കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."