ആഗ്രയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: മുഗള്‍, ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ നഗരങ്ങള്‍ക്കും തെരുവുകള്‍ക്കും നല്‍കിയിരുന്ന പേരുകള്‍ നീക്കം ചെയ്യാനുള്ള നീക്കം ശക്തമാക്കി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി നേതൃത്വം മുന്നോട്ടുവച്ച ഈ വാദത്തിന്റെ ചുവടുപിടിച്ച് ആഗ്രയുടെ പേരുമാറ്റണമെന്ന് ഇന്നലെ പാര്‍ട്ടിയുടെ നോര്‍ത്ത് ആഗ്ര എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആവശ്യപ്പെട്ടു.
അലഹബാദിനും ഫൈസാബാദിനും യു.പി സര്‍ക്കാര്‍ പുതിയ പേര് നല്‍കിയതോടെയാണ് പേരുമാറ്റത്തിനുള്ള പട്ടികയില്‍ കൂടുതല്‍ നഗരങ്ങള്‍ കടന്നുവരുന്നത്. ആഗ്രയുടെ പേര് ആഗ്രവന്‍ എന്നോ ആഗ്രവാള്‍ എന്നോ മാറ്റണമെന്നാണ് ജഗന്‍ പ്രസാദ് ഗാര്‍ഗ് ആവശ്യപ്പെട്ടത്. ആഗ്ര എന്ന പേരിനു പ്രത്യേകിച്ചൊരു അര്‍ഥവുമില്ലെന്നു പറഞ്ഞ അദ്ദേഹം, സ്ഥലവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇതൊരു വനമേഖലയായിരുന്നു. അഗര്‍വാള്‍ സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. അതുകൊണ്ട് ആഗ്രയുടെ പേര് ആഗ്രവന്‍ എന്നോ ആഗ്രവാള്‍ എന്നോ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മിനഗര്‍ എന്നാക്കണമെന്നാവശ്യപ്പെട്ടു സര്‍ധാനയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമും രംഗത്തെത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗ്ര, ബറേലി, കാന്‍പൂര്‍ വിമാനത്താവളങ്ങളുടെ പേരുമാറ്റാനുള്ള ശുപാര്‍ശയും യോഗി സര്‍ക്കാര്‍ കേന്ദ്രത്തിനയച്ചിട്ടുണ്ട്. ആഗ്ര വിമാനത്താവളത്തിനു ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരു നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം, പേര് മാറ്റുന്ന നടപടിയോട് വലിയ പ്രതികരണമൊന്നും ജനങ്ങളില്‍നിന്നുണ്ടാകുന്നില്ല. സംസ്ഥാനത്തെ ഭരണപ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."