കോടതി വിധി പുസ്തകരൂപത്തില്‍ പുറത്തിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി മലയാളത്തില്‍ പരിഭാഷപ്പെടുത്തി പുസ്തകരൂപത്തില്‍ പുറത്തിറക്കി സര്‍ക്കാര്‍.
സുപ്രിംകോടതിയാണ് യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയതെന്നും വിധിക്കെതിരായ പ്രചാരണങ്ങള്‍ സര്‍ക്കാരിനെതിരേ തിരിച്ചുവിടുന്നതിനുപിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും വ്യക്തമാക്കുന്ന ലഘുപുസ്തകം പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പുറത്തിറക്കിയത്.
25,000 കോപ്പിയാണ് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് വിധിയുടെ സംഗ്രഹം. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. വിധിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്ത് സര്‍ക്കാരിനെതിരേ ആശങ്കയും കാലുഷ്യവും വിതയ്ക്കുന്ന പ്രചാരണമാണ് ചിലര്‍ അഴിച്ചുവിട്ടത്.
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും വികാരം ഇളക്കിവിട്ടും ചെറുതല്ലാത്ത ആശയക്കുഴപ്പമാണ് ഇക്കൂട്ടര്‍ സൃഷ്ടിച്ചത്. സംസ്ഥാനം മഹാപ്രളയത്തില്‍നിന്ന് കരകയറി നവകേരള സൃഷ്ടിക്കായി ഒരുങ്ങുന്ന സാഹചര്യത്തില്‍ ഈ ആശയക്കുഴപ്പം ഭാവികേരളത്തെ തന്നെ ബാധിച്ചേക്കാം. അതിനാല്‍ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ സുപ്രിംകോടതി വിധിയെക്കുറിച്ചുള്ള ലഘുപുസ്തകം പുറത്തിറക്കിയതെന്ന് മുഖ്യമന്ത്രി ആമുഖത്തില്‍ പറയുന്നു.
സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം, 1991ലെ ഹൈക്കോടതി വിധി, വിചാരണയില്‍ വന്ന വിഷയങ്ങള്‍, സര്‍ക്കാര്‍ നടപടികള്‍, സുപ്രിംകോടതിയില്‍ വന്ന റിട്ട് ഹരജി, സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എടുത്ത നിലപാട്, വിവിധ അമിക്കസ് ക്യൂറിയും തന്ത്രിയും മറ്റു സംഘടനകളും സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട്, സുപ്രിംകോടതി വിധിയുടെ സംക്ഷിപ്ത രൂപം, വിധിപ്പകര്‍പ്പ്, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രസ്താവിച്ച വെവ്വേറെയുള്ള വിധി പ്രസ്താവം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച 60 പേജുള്ള പുസ്തകമാണ് ഇറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."