മള്‍ട്ടി കളര്‍ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡ്: വോട്ടര്‍മാരെ വട്ടംകറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്
ഇരിട്ടി: അപേക്ഷ നല്കി ഒരുവര്‍ഷമായിട്ടും വോട്ടര്‍മാര്‍ക്ക് പുതിയ മള്‍ട്ടികളര്‍ പ്ലാസ്റ്റിക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ബൂത്ത്ലെവല്‍ ഓഫിസര്‍മാര്‍ വോട്ടര്‍പട്ടിക തെറ്റുതിരുത്തലിന്റെ ഭാഗമായി വീടുകള്‍കയറി പ്ലാസ്റ്റിക് ഐ.ഡി കാര്ഡിനെപറ്റി വോട്ടര്‍മാരെ ബോധവല്‍കരിക്കുകയും ഇതിനായി വോട്ടര്‍മാരുടെ കളര്‍ ഫോട്ടോയും വിവരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതുവരെയും ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണികാണാന്‍ പോലും കഴിഞ്ഞിട്ടില്ല. ബി.എല്‍.ഒമാര്‍ കഷ്ടപ്പെട്ട് വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് താലൂക്കില്‍ സമര്‍പ്പിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കല്‍ 60 ശതമാനം മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.
ഒരു മാനദണ്ഡവും പാലിക്കാതെയാണ് താലൂക്ക് ഓഫിസില്‍ നിന്നും വിവരങ്ങള്‍ ക്രോഡീകരിച്ചത്. വിവരങ്ങളും ഫോട്ടോയും ബി.എല്‍.ഒമാരുടെ കൈയില്‍ നല്കിയവര് കാര്‍ഡിനുവേണ്ടി കാത്തിരിക്കേണ്ടെന്നും കളര്‍ പ്ലാസ്റ്റിക്കാര്ഡ് ആവശ്യമുള്ളവര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ പുതിയ ഐ.ഡി കാര്‍ഡ് ലഭിക്കുമെന്നും താലൂക്ക് അധികൃതര്‍ പിന്നീട് അറിയിച്ചു. ഇതോടെ വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചു നല്കിയ ബി.എല്‍.ഒമാരുടെ അധ്വാനം വെള്ളത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."