ആത്മീയ സദസുകളിലെ നിറസാന്നിധ്യം; ഇനി ജില്ലാ സമസ്തയുടെ തലപ്പത്ത്
ആലപ്പുഴ: കേരളത്തിന്റെ ആത്മീയ സദസുകളിലെ നിറസാനിധ്യം സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ അല്‍ ഐദ്രൂസി ഇനി സമസ്ത ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷപദവിയില്‍. നിലവിലെ പ്രസിഡന്റ് സി. മുഹമ്മദ് അല്‍ ഖാസിമി അനാരോഗ്യത്താല്‍ സ്വദേശമായ മലപ്പുറത്തേക്ക് മടങ്ങിയ ഒഴിവിലാണ് ഹദിയത്തുല്ലാ തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലയിലെ പുതിയ അമരക്കാരനായത്. ദുആ മജ്‌ലിസുകളില്‍ നേതൃത്വം നല്‍കാന്‍ എല്ലാവരും തേടിയെത്തുന്ന അദ്ദേഹം പ്രഭാഷണ കലയിലും വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും തങ്ങള്‍ പ്രാവീണ്യം പുലര്‍ത്തുന്നുണ്ട്.
കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് ചാത്തനാംകുളത്ത് സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ അല്‍ഐദറൂസി-സയ്യിദത്ത് സക്കിയ്യാ ബീവി ബാഫഖീഹ് എന്നവരുടെ മകനാണ്. കൊല്ലം ജില്ലയിലെ മീലാദെ ശരീഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ടി.കെ.എം കോളജില്‍നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ആറ്റിങ്ങല്‍ വാളക്കാട് ജാമിഉ ഹൈറാത്ത്, ചന്ദനത്തോപ്പ് മേല്‍ക്കോണ്‍ പള്ളി എന്നിവിടങ്ങളിലായി ദര്‍സ് പഠനം. 2004ല്‍ ബംഗളുരൂ സബീലുര്‍റശാദ് അറബിക് കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു.
ഹാഫിള് മുഫ്തി അശ്‌റഫലി അല്‍ഖാസിമി ഗുരുനാഥനായിരുന്നു. നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബാഅ് സംസ്ഥാന വൈസ്പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ലാ വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളായ സയ്യിദ് തമീമുല്‍ അന്‍സ്വാരി, സയ്യിദ് ഹസന്‍ ബസ്വരീ, സയ്യിദ് അഹമ്മദുല്‍ ബദവീ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."