വെള്ളിനേഴി ഇനി പൈതൃകഗ്രാമം
ശ്രീകൃഷ്ണപുരം: കലാ സാംസ്‌കാരിക പാരമ്പര്യം പരിഗണിച്ച് സംസ്ഥാനത്ത് കേരള സാംസ്‌കാരിക വകുപ്പ് തെരഞ്ഞെടുത്ത 20 പൈതൃകഗ്രാമങ്ങളില്‍ ഒന്നായി വെള്ളിനേഴി തെരഞ്ഞെടുത്തു. പൈതൃകഗ്രാമമാക്കാനുള്ള തീരുമാനത്തോടൊപ്പം വെള്ളിനേഴി വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്കും മാറും. വെള്ളിനേഴിയുടെ തനതായ കലാസംസ്‌കൃതിയെ വരും തലമുറയിലേക്ക് കൈമാറാനാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കഥകളി, കളമെഴുത്ത്, ശാസ്ത്രീയ സംഗീതം, ചെണ്ട, മദ്ദളം, ഇടക്ക, ശാസ്ത്രീയ നൃത്തം, ചിത്രകല, ശില്‍പകല, പൊറാട്ടുകളി, നന്തുണിപ്പാട്ട്, പുള്ളുവന്‍പാട്ട്, പരിചമുട്ടുകളി, തുയിലുണര്‍ത്തുപാട്ട്, കൈകൊട്ടിക്കളി, പുരുഷന്‍മാരുടെ കൈകൊട്ടിക്കളി, പാന, പൂതന്‍ തിറ, പാണന്‍ പൂതം, പറയന്‍ പൂതം, മാരിയമ്മന്‍പാട്ട്, അയ്യപ്പന്‍ പാട്ട്, അയ്യപ്പന്‍ വിളക്ക് എന്നിങ്ങനെ 32 കലകളുടെ കലവറയാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണമന കഥകളിയുടെ ഉത്ഭവത്തിന്റെയും വളര്‍ച്ചയുടെയും ചരിത്ര സ്മാരകമാണ്. കല്ലുവഴി ചിട്ടയുടെ പ്രണേതാവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണി മേനോന് ഉചിതമായ സ്മാരകം നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കലാഗ്രാമം സാംസ്‌കാരിക സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്. കള്‍ച്ചറല്‍ ഹാള്‍, ആര്‍ട് ഗാലറി, മ്യൂസിയം, കളരികള്‍ എന്നിങ്ങനെ സമുച്ചയത്തില്‍ ലക്ഷ്യമിടുന്നത്.
കഥകളി കോപ്പു നിര്‍മാണം, അടക്കാ പുത്തൂര്‍ ലോഹകണ്ണാടി, അടക്കാ പുത്തൂര്‍ ശില്‍പകല, വള്ളുവനാടന്‍ കാള നിര്‍മാണം, പൂതന്‍ തിറ കോപ്പു നിര്‍മാണം എന്നിവ വെള്ളിനേഴി ഗ്രാമത്തിന്റെ പൈതൃകമാണ്. ടൂറിസം രംഗത്ത് വലിയ സാധ്യതകള്‍ വെള്ളിനേഴിക്കുണ്ട്. കറ്റാനശ്ശേരി മുതലമൂര്‍ഖന്‍ കടവ് തൂക്കുപാലം ബോട്ടിങ്, കുളക്കാടന്‍മല ഹരിത ഉദ്യാനം, ഒളപ്പമണ്ണമന, അടക്കാ പുത്തൂര്‍ ലോഹ കണ്ണാടി, ശില്‍പകല, പൂതന്‍ തിറ കോപ്പ് നിര്‍മാണ കേന്ദ്രം, കാള നിര്‍മാണം, തിരുവാഴിയോടന്‍ വെറ്റില കൃഷി, തൂതപ്പുഴ പുഴയോര നടത്തം, സാംസ്‌കാരിക സമുച്ചയം, പട്ടിക്കാംതൊടി സ്മാരകം, പത്മഭൂഷന്‍ ഡോ. കലാ രാമന്‍കുട്ടി നായര്‍ ഭവനം, പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ഭവനം, നാണു നായര്‍ ഭവനം, കലാമണ്ഡലം ഉണ്ണിക്കൃഷ്ണകുറുപ്പ് ഭവനം, അച്ചുണ്ണി പൊതുവാള്‍ ഭവനം, സുബ്രഹ്മണ്യ ഭാഗവതര്‍ ഭവനം, കഥകളി മ്യൂസിയം, കഥകളി കോപ്പു നിര്‍മാണ കേന്ദ്രങ്ങള്‍, കോതാവില്‍ രാമന്‍കുട്ടി ഭവനം, പൂന്തോട്ടം ആയുര്‍വേദ ആശ്രമം എന്നിവയെല്ലാം ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവരാന്‍ കഴിയുന്ന സാധ്യതകളാണ്.
ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാമുള്ള പ്രാഥമിക പ്രോജക്ട് ചര്‍ച്ച വടകരയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള സര്‍ഗാലയ ഹെറിറ്റേജ് വില്ലേജില്‍വച്ച് നടന്നു. നവംബര്‍ 30നകം പഞ്ചായത്തുതല ശില്‍പശാല നടത്താന്‍ തീരുമാനമായി. വെള്ളിനേഴിയുടെ ടൂറിസ്റ്റ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും തീരുമാനിച്ചു.
വെള്ളിനേഴിയിലെ കലാകാരന്‍മാരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി തീരുമാനിച്ച് പുതിയ തലമുറക്ക് അന്യം നിന്നുപോകുന്ന കലാപൈതൃകം കൈമാറാന്‍ ധാരണയായി. ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് കെ. ശ്രീധരന്‍, സര്‍ഗാലയ സി.ഇ.ഒ പി.വി ഭാസ്‌കരന്‍, പ്രോജക്ട് ഹെഡ് റൂറല്‍ ആര്‍ട് ഹബ് കെ. ചന്ദ്രന്‍, പ്രദീപ്, പി.കെ ശശിധരന്‍, കെ. രാമന്‍കുട്ടി മാസ്റ്റര്‍, കെ.എം പരമേശ്വരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."