ദുബൈ: 200 വിമാന സര്‍വിസുകള്‍ റദ്ദാക്കി
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നാം ദിവസവും വ്യോമഗതാഗതം തടസപ്പെട്ടു. 200 വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ അപകടം ലോകത്തെ മിക്ക വിമാനത്താവളങ്ങളുടെയും ഷെഡ്യൂളുകളെ ബാധിച്ചു.
28 വിമാനക്കമ്പനികള്‍ 183 സര്‍വീസുകള്‍ റദ്ദാക്കി. ആസ്‌ത്രേലിയ, ഇന്ത്യ, പാകിസ്താന്‍, റഷ്യ, സഊദി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്.
നൂറോളം സര്‍വീസുകള്‍ വൈകുകയാണ്. വിദേശ വിമാനങ്ങള്‍ ഉപയോഗിക്കുന്ന ടെര്‍മിനല്‍ ഒന്നിനെയാണ് അപകടം ബാധിച്ചത്. ഇവിടെ സര്‍വീസുകള്‍ വൈകുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം ആറു മണിക്കൂര്‍ അടച്ചിട്ടിരുന്നു. അപകടമുണ്ടായ റണ്‍വെ 29 മണിക്കൂറിനുശേഷം തുറന്നുകൊടുത്തിരുന്നു.
അപകടത്തെതുടര്‍ന്ന് തങ്ങളുടെ 23,000 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി എമിറേറ്റ്‌സ് അറിയിച്ചു. ഇന്നലെയും എമിറേറ്റ്‌സ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇന്നത്തോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു. ദുബൈ വിമാനത്താവളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനകമ്പനിയായ ഫ്‌ളൈ ദുബൈ ബുധനാഴ്ച 78 സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോ ഇന്നലെ എട്ടു സര്‍വീസുകള്‍ ദുബൈയിലേക്ക് നടത്തി.
വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ വലിയ വിമാനങ്ങളാണ് കമ്പനികള്‍ ഉപയോഗിച്ചത്. ബുധനാഴ്ച 19000 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയതെന്നും ദുബൈ വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റണ്‍വേയ്ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു.
കരിപ്പൂരില്‍ നിന്നുള്ള
സര്‍വിസുകള്‍
പുനഃസ്ഥാപിച്ചില്ല
കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജയിലേക്ക് ഇന്നലെ അഡിഷണല്‍ സര്‍വിസ് നടത്തി. കരിപ്പൂരില്‍ നിന്നുളള ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് സര്‍വീസ് പുനരാരംഭിച്ചു. ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെയും ഷാര്‍ജയിലേക്കാണ് പുറപ്പെട്ടത്. ഇവിടെ നിന്ന് യാത്രക്കാരെ പ്രത്യേക വാഹനങ്ങളില്‍ ദുബൈയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."