റോഡ് കീറി പൈപ്പിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
തിരുവമ്പാടി: റോഡിന്റെ വശം കീറി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
തിരുവമ്പാടി-പുന്നക്കല്‍ റോഡില്‍ പാമ്പിഴഞ്ഞപാറക്കു സമീപമാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ പൈപ്പിടല്‍ തടഞ്ഞത്. തിരുവമ്പാടി പുന്നക്കല്‍ റോഡിലെ ആദ്യ മൂന്നു കിലോമീറ്റര്‍ ദൂരം വീതി കൂട്ടി നവീകരിച്ച് ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല.
ഈ റോഡിന്റെ ഒരു വശമാണ് മുന്നറിയിപ്പില്ലാതെ വാട്ടര്‍ അതോറിറ്റി ജെ.സി.ബിയുമായി വന്ന് ആഴത്തില്‍ കുഴിയെടുത്ത് പൈപ്പിടാന്‍ ശ്രമിച്ചത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എന്‍ജിനീയറുമായി ബന്ധപ്പെട്ടപ്പോള്‍ റോഡ് പൊളിക്കുന്നതിന് അനുമതിയോ അപേക്ഷപോലുമോ കിട്ടിയിട്ടില്ലെന്ന് അറിയിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. ഇതിനിടെ തിരുവമ്പാടി പൊലിസ് സ്ഥലത്തെത്തിയെങ്കിലും കുഴിയെടുക്കാന്‍ അനുമതി ഉണ്ടെന്നറിയിച്ചതോടെ പൊലിസ് പിന്‍മാറി. അനുമതി ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് എ.ഇ തീര്‍ത്തു പറഞ്ഞതോടെ വാട്ടര്‍ അതോറിറ്റി ഒടുവില്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതേസമയം അവധി ദിവസങ്ങള്‍ നോക്കി റോഡ് പൊളിക്കാന്‍ ശ്രമിച്ചതില്‍ പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്. പ്രവൃത്തി തുടങ്ങിയ സ്ഥലത്തുനിന്ന് പെരുമാലിപ്പടി ക്രോസ് റോഡിലൂടെ തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ ഇരുമ്പകത്തേക്കാണ് പൈപ്പിടുന്നത്. തിരുവമ്പാടി-പുല്ലൂരാംപാറ റോഡില്‍ നിലവില്‍ നവീകരണം നടക്കാനിരിക്കുകയാണെന്നും ഇതേ പാതയിലെ കറ്റിയാട്ട് വരെ നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ഉള്ളതാണെന്നും ഇവിടുന്ന് തുടര്‍ പ്രവൃത്തി ചെയ്യാമെന്നിരിക്കെ വളഞ്ഞ വഴിയിലൂടെ പൈപ്പിട്ട് റോഡ് പൊളിക്കാന്‍ അധികൃതര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്ന വാദവും ശക്തമാണ്.
പൊളിച്ചെടുത്ത സ്ഥലം ഇറക്കമായതിനാല്‍ നവീകരിച്ച റോഡിന്റെ സൈഡ് മഴയത്ത് തകരുകയും ചെയ്യും. ഈ പാതയിലെ പൈപ്പ് ലൈന്‍ വരുന്നതോടെ നിലവില്‍ മൂന്നു മീറ്റര്‍ മാത്രം ടാറിങ് ഉള്ള പെരുമാലിപ്പടി ക്രോസ് റോഡും തകരും.
വാട്ടര്‍ അതോറിറ്റി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും നവീകരണം പൂര്‍ത്തിയായ തിരുവമ്പാടി പുന്നക്കല്‍ റോഡില്‍ മൂന്നു വര്‍ഷത്തേക്ക് ആര്‍ക്കും ഒന്നിനും അനുമതി ഇല്ലെന്നും അസി. എന്‍ജീനീയര്‍ സുരേഷ്ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."