കാടുപിടിച്ച് നശിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം
ആലക്കോട്: കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് അധികൃതരുടെ അവഗണനയില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്.
ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്ത് നില്‍ക്കാനാണ് പ്രവേശന കവാടത്തിനു സമീപത്തായി ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് നിര്‍മിച്ചത്. ടൗണില്‍ നിന്ന് ഏറെ മാറി ജനവാസം കുറഞ്ഞ പ്രദേശത്തായതിനാല്‍ മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ കടവരാന്ത പോലും ഇവിടെയില്ല. മഴ ശക്തമായതോടെ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡരികില്‍ ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
കാറ്റില്‍ നിലംപൊത്തിയ ഇരുമ്പ് മേല്‍ക്കൂര മതിലിനു ചാരിവച്ചിട്ടുണ്ടെങ്കിലും അത് പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
മേല്‍ക്കൂരയില്ലാതായതോടെ സിമന്റ് തറയും തൂണുകളും പൊട്ടി പൊളിയാന്‍ തുടങ്ങി. കാടും പടലും പടര്‍ന്ന പ്രദേശം ഇഴജന്തുക്കളുടെ താവളമായി. തുച്ഛമായ തുകയ്ക്ക് തീര്‍ക്കാവുന്ന പ്രവൃത്തി അധികൃതരുടെ അനാസ്ഥയില്‍ വൈകുംതോറും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നഷ്ടമാകുന്നത് ഭീമമായ തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."