വീണ്ടും വില്ലനായി വംശീയാധിക്ഷേപം
സോഫിയ (ബള്‍ഗേറിയ): സൗഹൃദക്കുട്ടായ്മ കെട്ടിപ്പടുക്കാന്‍ നിര്‍ണായകമാവുന്ന കായിക ഇനങ്ങള്‍ക്ക് വീണ്ടും ചീത്തപ്പേരുണ്ടാക്കി വംശീയാധിക്ഷേപം. ഇന്നലെ ബള്‍ഗേറിയയും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോകപ്പ് യോഗ്യതാ മത്സരത്തിലാണ് ഫുട്‌ബോള്‍ ലോകത്തെ നാണിപ്പിക്കും വിധം വംശീയാധിക്ഷേപം വീണ്ടും ഉടലെടുത്തത്. ഇത്തവണ ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെ ബള്‍ഗേറിയന്‍ ആരാധകരാണ് വംശത്തിന്റെ പേരില്‍ തെറിവിളിച്ചത്.
ഇതോടെ ഈ മത്സരം രണ്ടുതവണ തടസപ്പെടുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ താനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ കൈമലര്‍ത്തിയ ബള്‍ഗേറിയന്‍ പരിശീലകന്‍ ക്രാസിമിര്‍ ബലാക്കോവിന്റെ പ്രതികരണം സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കി. വംശീയാധിക്ഷേപം അവസാനിപ്പിക്കണമെന്ന് സ്റ്റേഡിയത്തില്‍ പരസ്യമായി അഭ്യര്‍ഥന മുഴങ്ങിയിട്ടും പരിശീലകന്‍ മൗനവ്രതത്തിലായിരുന്നു.
മുന്‍പത്തേതിന്റെ തുടര്‍ച്ചയെന്നോണം റഹീം സ്റ്റെര്‍ലിങ്ങ്, ടൈറോണ്‍ മിങ്‌സ് ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ രണ്ട് തവണ കളി നിര്‍ത്തിവച്ചു. തുടര്‍ന്ന് മത്സരം ആദ്യ പകുതിക്ക് പിരിഞ്ഞതോടെ ബള്‍ഗേറിയന്‍ നായകന്‍ ഇവെലിന്‍ പാപ്പോവ് സ്വന്തം ആരാധകരുടെ അടുത്തുപോയി എതിര്‍താരങ്ങളെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്നാണ് അധിക്ഷേപത്തിന് അറുതി വന്നത്.
സംഭവം വിവാദമായതോടെ ലോകമെമ്പാടുനിന്നും ആരാധകരുടെ പ്രവൃത്തിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മുന്‍താരങ്ങളടക്കം പലരും ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിന്തുണയുമായെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."