മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നടപടി തുടങ്ങി; ഹോളി ഫെയ്ത്ത് ബിള്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കലിന്റെ ഭാഗമായുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്. നാല് ഫ്‌ലാറ്റുകളുടെ നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. ഹോളി ഫെയ്ത്ത് ബിള്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിക്കുകയും ചെയ്തു. 18 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്.
ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബിള്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടിയും തുടങ്ങി.
മരടില്‍ ഫ്‌ലാറ്റ് വാങ്ങിയവര്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. താല്‍ക്കാലികാശ്വാസമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയെന്ന് പഠിക്കാനായി സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നഷ്ടപരിഹാരം നല്‍കുക. അത് ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
മരട് കേസില്‍ അറസ്റ്റിലായ ഫ്‌ലാറ്റ് നിര്‍മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുക. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അരൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."