അവകാശങ്ങള്‍ അടുക്കളയുടെ മൂലയില്‍ തള്ളില്ലെന്ന് സ്ത്രീകള്‍ പ്രഖ്യാപിക്കണം:മന്ത്രി
കൊല്ലം: കിട്ടിയ അവകാശങ്ങള്‍ അടുക്കളയുടെ മൂലയില്‍ തള്ളില്ലെന്ന് പ്രഖ്യാപിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അടുക്കളയിലല്ല, അരങ്ങത്തുതന്നെയാണെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കാനും അവകാശങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്വവും സ്ത്രീകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം ജവഹര്‍ ബാലഭവനില്‍ നടന്ന നവോഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.
സമൂഹത്തെ ഒരു കൂട്ടര്‍ ഫാസിസത്തിലേക്ക് നയിക്കുന്നത് കണ്ടില്ലെന്ന് നടിച്ചാല്‍ അത് വരുംതലമുറയോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും. അയിത്തം, ജാതിമതഭേദം, സ്ത്രീപുരുഷ വ്യത്യാസ്യം ഇവയൊന്നുമില്ലാത്ത ക്ഷേത്രമായിരുന്നു ശബരിമല. പക്ഷെ, അധികാരം സ്ഥാപിച്ച് അവിടം നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദുരാചാരങ്ങള്‍ തിരികെ കൊണ്ടുവരേണ്ട എന്നാണ് സുപ്രീം കോടതി വിധിച്ചത്. മതേതരത്വവും സമത്വവും ഉറപ്പാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിശ്വാസം അംഗീകരിക്കുമ്പോള്‍തന്നെ പെണ്ണിന്റെ വിശ്വാസത്തിന് വില കല്‍പ്പിക്കില്ല എന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.സ്ത്രീയും പുരുഷനും തുല്യരാണെന്ന ബോധ്യമുള്‍ക്കൊള്ളാനും അവകാശങ്ങള്‍ക്കുവേണ്ടി ഒന്നിച്ചു നില്‍ക്കാനും സ്ത്രീകള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ വി. രാജേന്ദ്ര ബാബു പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. കെ. ഗോപന്‍, ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ഡോ. കെ. ശ്രീവത്സന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."