HOME
DETAILS

അന്നാകാപ്രിയിലെ പൂക്കള്‍

  
backup
October 16 2019 | 19:10 PM

delhi-diary-ka-salim-17-10-2019-12782991-2

 

 


162 വര്‍ഷം മുമ്പ് ഒരു ഒക്ടോബറിലായിരുന്നു വെണ്ണക്കല്ലു പതിച്ച സാന്‍മിഷേലിന്റെയും അന്നാ കാപ്രിയിലെ കിളികളുടെയും കുരങ്ങുകളുടെയും കുട്ടിച്ചാത്തന്റെയും കഥപറഞ്ഞ സ്വീഡിഷ് ഡോക്ടര്‍ ആക്‌സല്‍ മാര്‍ട്ടിന്‍ ഫെഡറിക് മുന്‍തേ ജനിക്കുന്നത്. മുന്‍തെയുടെ ആത്മകഥ 'സ്റ്റോറി ഓഫ് സാന്‍മിഷേല്‍ (സാന്‍മിഷേലിന്റെ കഥ)' പ്രസാധകരായ ജോണ്‍ മുറയ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1929ലാണ്. 90 വര്‍ഷങ്ങള്‍ക്ക് ശേഷവും സാന്‍മിഷേലിന്റെ കഥയുടെ പതിപ്പുകള്‍ ലോകത്തെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുകയും പുസ്തകക്കടകളില്‍ നിന്ന് അതിവേഗത്തില്‍ അപ്രത്യക്ഷമാകുകയും ചെയ്തു. രോഗങ്ങളുടെയും മരണങ്ങളുടെയും വിചിത്രമായ മനുഷ്യബന്ധങ്ങളുടെയും ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും കഥയാണ് സാന്‍മിഷേല്‍. പുസ്തകം മാത്രമല്ല, ഇറ്റലിയിലെ അന്നാകാപ്രിയിലെ മലമുകളില്‍ മുന്‍തെ പടുത്തുയര്‍ത്തിയ സാന്‍മിഷേലും അത്ഭുതമാണ്. 17ാം വയസ്സില്‍ ഇറ്റാലിയന്‍ ദ്വീപായ കാപ്രിയിലേക്ക് തോണിയില്‍ നടത്തുന്ന യാത്രയോടെയാണ് സാന്‍മിഷേലിന്റെ കഥ ആരംഭിക്കുന്നത്. അന്നാകാപ്രിയിലെത്തിയ മുന്‍തേ മാസ്‌ട്രോ വിന്‍സേന്‍സോയെന്ന വ്യക്തിയുടെ കുന്നിന്‍മുകളിലുള്ള തകര്‍ന്നടിഞ്ഞ ചെറിയ പള്ളി കാണുകയും അതില്‍ ആകൃഷ്ടനായി അത് വാങ്ങുകയും ചെയ്യുന്നു.
റോമന്‍ ചക്രവര്‍ത്തി ടിബിരിയസിന്റെ തകര്‍ന്ന വില്ലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് സാന്‍മിഷേല്‍ എന്ന കെട്ടിടം പടുത്തുയര്‍ത്തുന്നു. അന്ന് പ്രപഞ്ചം മനോഹരവും ഞാനൊരു പതിനെട്ടുകാരനുമായിരുന്നുവെന്ന് മുന്‍തെ എഴുതുന്നു. ടിബിരിയസ് വെട്ടിയുണ്ടാക്കിയ 777 ഫിനീഷ്യന്‍ പടവുകള്‍ കയറിയാണ് ആക്‌സല്‍ മുന്‍തെ എത്തുന്നത്. അകലെ വെള്ളിരേഖ പോലെ തിളങ്ങുന്ന നേപ്പിള്‍സ്, പനിനീര്‍ പൂക്കളുടെ നിറമുള്ള പുക വിടുന്ന വെസൂവിയസ്, തലക്കു മുകളില്‍ ചെങ്കുത്തായ പാറയില്‍ ആണിയടിച്ചുറപ്പിച്ച പരുന്തിന്‍കൂട് പോലെ തകര്‍ന്നൊരു കൊച്ചുദേവാലയം. എന്താണതിന്റെ പേര്: സാന്‍മിഷേല്‍... സാന്‍ മിഷേല്‍... സാന്‍ മിഷേല്‍...' ഈ പേര്‍ ആക്‌സെലിന്റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചു. അവിടെ താഴെ തന്റെ വീട്ടിലെ തോട്ടത്തില്‍ മുന്തിരിവള്ളി നടുന്ന മാസ്‌ത്രോ വിന്‍സെന്റോയെ കണ്ടു. റോബാ ഡി ടിംബേറിയോയുടെ കല്ലുകള്‍, സ്തൂപങ്ങള്‍ കൊണ്ട് മാസ്‌ത്രോ വിന്‍സെന്റോ തോട്ടത്തിലേക്കുള്ള ചവിട്ടുപടികള്‍ ഉണ്ടാക്കി. വീടുപണിതപ്പോള്‍ മാര്‍ബിളുകള്‍ ഉപയോഗിക്കാനായി. എന്നാല്‍ വയസ്സന്‍ മാസ്‌ത്രോ വിന്‍സെന്റോക്ക് തോട്ടം നോക്കിനടത്താന്‍ അധികകാലം കഴിയില്ല. കരയില്‍ മകന്റെയടുത്ത് താമസത്തിനു പോകാന്‍ ആഗ്രഹിക്കുന്നു.
വീടു വില്‍ക്കുകയാണെന്നും, തകര്‍ന്ന പള്ളിക്ക് അവകാശികള്‍ ആരുമില്ലെന്നും വൃദ്ധന്‍ പറഞ്ഞപ്പോള്‍ ആക്‌സല്‍ ചിന്തിച്ചു, എന്തുകൊണ്ട് എനിക്കായിക്കൂടാ, എന്തുകൊണ്ട് ഇതു വാങ്ങിക്കൂടാ, നിന്റെ കൈകള്‍ കാലിയാണെങ്കിലും കരുത്തുള്ളതാണ്. നിന്റെ മസ്തിഷ്‌ക്കം ഇരുണ്ടതാണെങ്കിലും തെളിച്ചമുള്ളതാണ്. ഇച്ഛാശക്തി ആഴമുള്ളതാണ്. അന്നു സ്വപ്നത്തില്‍ കേട്ട ടിംബേറിയോയുടെ ഗുരുവിന്റേതായ ആ വാക്കുകള്‍ ആക്‌സലിനെ നയിച്ചു. പഠനത്തിനും പാരീസിലെ നീണ്ട കാലത്തെ സേവനത്തിനും ശേഷം ആക്‌സെല്‍ അനാകാപ്രിയിലേക്ക് തിരികയെത്തി.
ആ മുന്തിരിത്തോട്ടത്തില്‍ സ്വന്തം കൈകള്‍കൊണ്ട് സാന്‍ മിഷേല്‍ പണിതുയര്‍ത്തുവാനായി മാസ്‌ത്രോ വിന്‍സെന്റോയും അയാളുടെ മൂന്ന് ആണ്‍മക്കളുമെ ആക്‌സലിനെ സഹായിക്കാനുണ്ടായിരുന്നുള്ളൂ. ആഴിയുടെ അഗാധതയില്‍ വിശ്രമം കൊള്ളുന്ന ടിംബേറിയോയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ആക്‌സെല്‍ വീണ്ടെടുത്തു. ഭീമാകാരനായ ഈജിപ്ഷ്യന്‍ സ്ഫിങ്ങ്‌സിനെ വരെ. പണിതീര്‍ക്കാന്‍ പണത്തിനു വേണ്ടി തണുപ്പുകാലത്ത് റോമില്‍ പ്രാക്റ്റീസ് ചെയ്യുകയും വേനല്‍ക്കാലത്ത് വീടുപണി തുടരുകയും ചെയ്തു. മനസ്സിന് പിടിക്കുന്നതുവരെ പണിയുന്നത് വീണ്ടും പൊളിച്ചുമാറ്റി പണിയുകയുമായിരുന്നു. പുലരിതൊട്ട് അന്തിവരെയുള്ള നീണ്ട അഞ്ചുവേനലുകളില്‍ നിര്‍ത്താതെ പണിഞ്ഞ് സാന്‍ മിഷേല്‍ എകദേശം വീട് പൂര്‍ത്തിയാക്കി. വാസ്തുവിദ്യയറിയാത്ത ഈ ഡോക്ടറായിരുന്നു സാന്‍ മിഷേലെന്ന അത്ഭുതം പണിതത്. സ്വീഡീഷ് ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷും ഫ്രഞ്ചും ഇറ്റാലിയനും നന്നായി സംസാരിക്കുമായിരുന്ന മുന്‍തേ ഇംഗ്ലീഷിലാണ് സാന്‍മിഷേലിന്റെ കഥ എഴുതിയത്.
പുതുതായി കരസ്ഥമാക്കിയ കൊറോണയില്‍ ടൈപ്‌റൈറ്റിങ്ങിന്റെ പാഠങ്ങള്‍ വശപ്പെടുത്താന്‍ തപ്പിത്തടയുന്നതിനിടയില്‍ ഉണ്ടായ അപ്രതീക്ഷിതമായ അപകടമാണ് സാന്‍ മിഷേലിന്റെ കഥയെന്ന് മുന്‍തെ എഴുതിയിട്ടുണ്ട്. മരണം മനുഷ്യരെ കൊണ്ടുപോകുന്നത് വേദനയോടെ നോക്കി നിന്ന ഡോക്ടറായിരുന്നു മുന്‍തെ. അതില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. മുന്‍തേയുടെ സുഹൃത്തായിരുന്നു മോപ്പസാങ്ങ്.
മോപ്പസാങ്ങ് പ്രശസ്തിയില്‍ കത്തിനില്‍ക്കുന്ന കാലം. മരണത്തെ അയാള്‍ വെറുതെ പേടിച്ചുകൊണ്ടിരുന്നു. മികച്ച കഥകള്‍ എഴുതാന്‍ കഴിയുന്ന അദ്ദേഹം തന്റെ പ്രധാനപ്പട്ട കൃതികള്‍ മുന്‍തെയെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. എന്നാല്‍ ഷാംപെയിനും ഈതറും ലഹരിമരുന്നുകളും കാര്‍ന്നു തിന്നുന്നതായിരുന്നു മോപ്പസാങ്ങിന്റെ ജീവിതം. യോവന്നയുമായുള്ള മോപ്പസാങ്ങിന്റെ ബന്ധം അവര്‍ രോഗം ബാധിച്ചു ആശുപത്രിയില്‍ കിടക്കുമ്പോഴാണ് മുന്‍തേയ്ക്ക് മനസ്സിലാവുന്നത്. യോവന്നയുടെ രോഗം അറിയിക്കാന്‍ മുന്‍തെ മോപ്പസാങ്ങിനെ തേടിച്ചെന്നു. പക്ഷേ, സഹമുറിയനായ ഫ്രാങ്കോ മോപ്പസാങ്ങിനെ കാണാന്‍ അനുവദിച്ചില്ല. വിവരം കാണിച്ച് ഒരു കുറിപ്പു കൊടുത്തിട്ട് മുന്‍തേ മടങ്ങി.
യോവന്നയോടു കടുത്ത വിരോധമുണ്ടായിരുന്ന ഫ്രാങ്കോ ആ കുറിപ്പു മോപ്പസാങ്ങിനു കൊടുത്തിട്ടുണ്ടാവില്ല. അടുത്ത ദിവസം തന്നെ യോവന്ന മരിച്ചു. തലേദിവസം തന്റെ പ്രിയപ്പെട്ടവന്‍ വരും എന്നു കരുതി അടുത്തു കിടന്ന ഒരു സ്ത്രീയില്‍ നിന്നു പകിട്ടേറിയ വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും വാങ്ങി യോവന്ന ഒരുങ്ങിയിരുന്നതായും കാണാതെ നിരാശപ്പെട്ടതായും മോപ്പസാങ്ങ് ആശുപത്രിയിലെ അന്തേവാസികളില്‍ നിന്നു പിന്നീട് അറിഞ്ഞു. രണ്ടു മാസത്തിനുശേഷം ഫ്രാങ്കോയുടെ കൈകളില്‍ പിടിച്ചുകൊണ്ടു മോപ്പസാങ്ങ് പ്രശസ്തമായ ഒരു ഭ്രാന്താശുപത്രിയില്‍ നടന്നു നീങ്ങുന്ന കാഴ്ച മുന്‍തേ കണ്ടു. അദ്ദേഹം കയ്യിലിരുന്ന ചെറിയ പളുങ്കുകള്‍ തോട്ടത്തിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു പറയുന്നുണ്ടായിരുന്നു, 'നോക്കൂ, വസന്തത്തില്‍, മഴയത്ത് ഇവ ചെറിയ മോപ്പസാങ്ങുകളായി മുളച്ചുപൊന്തും.'
സമ്പന്നയായ ഇംഗ്ലീഷുകാരിയെ വിവാഹം ചെയ്ത മുന്‍തേ കൂടുതല്‍ കാലവും ഇറ്റലിയില്‍ കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയും യുദ്ധത്തിന്റെയും പ്ലേഗിന്റെയും കാലത്ത് വൈദ്യസഹായവുമായി ഓടിയെത്തിയും സാന്‍മിഷേലിലെ കിളികളോടും പൂക്കളോടും കുട്ടിച്ചാത്തനോടും സംസാരിച്ചും മുന്‍തേ ജീവിച്ചു. എല്ലാ വര്‍ഷവും കാപ്രിയില്‍ വിരുന്നിനെത്തുന്ന ആയിരക്കണക്കിനു ദേശാടനപ്പക്ഷികള്‍ മലഞ്ചെരുവുകളില്‍ മനുഷ്യര്‍ തീര്‍ക്കുന്ന കെണികളില്‍ പെടും. അവ സമ്പന്നരുടെ തീന്‍മേശയിലെത്തും. മനസ്സ് നൊന്ത ആക്‌സല്‍ നിവേദനങ്ങളുമായി പലരേയും സമീപിച്ചു.
കശാപ്പുകാരനായ ഒരാളുടെതായിരുന്നു മല. ആര്‍ക്കും ഒന്നും ചെയ്യാനാവുമായിരുന്നില്ല. കെണിയില്‍പ്പെടാതെ പക്ഷികളെ ഓടിക്കാനായി ആക്‌സല്‍ രാത്രി മുഴുവനും തന്റെ നായ്ക്കളെ കുരയ്ക്കാന്‍ പരിശീലിപ്പിച്ചു. പക്ഷേ ആ നായ പെട്ടെന്നു വിഷം തിന്നു ചത്തു. മുന്‍തെ മല വിലയ്ക്ക് വാങ്ങാനായി ഉടമയെ സമീപിച്ചു. താങ്ങാനാവാത്ത വിലയായിരുന്നു കശാപ്പുകാരന്‍ ആവശ്യപ്പെട്ടത്. സഹിക്കാനാവാതെ ആക്‌സല്‍ സാന്‍മിഷേലില്‍ നിന്ന് ഒളിച്ചോടി. തിരിച്ചെത്തിയപ്പോള്‍ കശാപ്പുകാരന്‍ മരണാസന്നനായിരുന്നു. ആക്‌സല്‍ അയാളുടെ ജീവന്‍ രക്ഷിച്ചു. പകരമായി പറഞ്ഞ വിലയ്ക്ക് അയാള്‍ ആക്‌സലിന് മല കൊടുത്തു. ബാര്‍ബറസ്സോയിലെ മല ഇന്നൊരു പക്ഷിസങ്കേതമാണ്. സാന്‍മിഷേലിന്റെ കഥയുടെ റോയല്‍റ്റി കാപ്രിയിലെ ആ പക്ഷിസങ്കേതത്തിനുള്ളതാണ്.
ഒരിക്കല്‍ പക്ഷികളെ വെടിവച്ചുകൊന്നിരുന്ന അഹങ്കാരിയായ അയല്‍ക്കാരനുമായി മുന്‍തെ ദ്വന്ദ യുദ്ധത്തിലേര്‍പ്പെട്ടു. അയാളെ വെടിവച്ചിട്ട അന്ന് മുന്‍തെ പക്ഷികളുടെ ആത്മാക്കളോട് പറഞ്ഞു. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പകരം ചോദിച്ചിരിക്കുന്നു. കിളികള്‍ മാത്രമല്ല, കുരങ്ങുകളും വിവിധ തരത്തിലുളള നായ്ക്കളും നിറഞ്ഞതായിരുന്നു മുന്‍തേയുടെ വീട്. സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത മുന്‍തേ ലൂയിസ് പാസ്ചര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നല്ലൊരു ഡോക്ടറുമായിരുന്നു. പാരിസില്‍ കുറെക്കാലം പ്രാക്ടീസ് ചെയ്തു. 1887 മുതല്‍ അന്ന കാപ്രിയില്‍ സ്ഥിര താമസമാക്കിയ മുന്‍തെ ഗ്രാമീണര്‍ക്കിടയില്‍ ജീവിക്കാനും അവര്‍ക്ക് സേവനം ചെയ്യാനുമാണ് കൂടുതല്‍ സമയം ചിലവഴിച്ചത്.
1892ല്‍ സ്വീഡിഷ് രാജകുടുംബം മുന്‍തെയെ കൊട്ടാരം ഡോക്ടറായി നിയമിച്ചു. കിരീടാവകാശി വിക്ടോറിയയുടെ സ്വകാര്യ ഡോക്ടറായും നിയമിതനായി. വിക്ടോറിയ നിരവധി രോഗങ്ങള്‍ കൊണ്ട് തളര്‍ന്നപ്പോള്‍ തനിക്കൊപ്പം കാപ്രിയില്‍ അല്‍പ്പകാലം കഴിയാനായിരുന്നു മുന്‍തേയുടെ നിര്‍ദേശം. ആദ്യം മടിച്ചു നിന്ന വിക്ടോറിയ പിന്നീട് കാപ്രിയിലെത്തി. തുടര്‍ന്ന് അവര്‍ സാന്‍മിഷേലിന്റെ ആരാധികയായി. അവിടെയ്ക്ക് വീണ്ടും വീണ്ടുമെത്തി. വിക്ടോറിയയെ മുന്‍തെ ഒരു ദിവസം ചേരിപ്രദേശത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വണ്ടിയില്‍ നിറയെ പാവകളുണ്ടായിരുന്നു. ചേരിയിലെ കുട്ടികള്‍ക്കുള്ളതായിരുന്നു അത്. അന്ന് മടങ്ങുമ്പോള്‍ അവര്‍ പറഞ്ഞു: 'ഞാന്‍ താങ്കളോടു കടപ്പെട്ടവളാണ്. എന്നാല്‍ ഞാന്‍ ലജ്ജിക്കുന്നു. എന്റെ മുന്നിലുണ്ടായിട്ടും താന്‍ ഇതേവരെ ഇത്തരം മനുഷ്യരെ കണ്ടില്ലല്ലോ'. പിന്നീട് വിക്ടോറിയ ഇടയ്ക്കിടെ ചേരികളിലേക്ക് പാവയുമായി പോകാറുണ്ടെന്ന് മുന്‍തെ പിന്നീടറിഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ ഇതിഹാസമായിരുന്നു മുന്‍തെ. മരിച്ച ശേഷവും ഇതിഹാസമായി തന്നെ തുടര്‍ന്നു. ചികിത്സയ്ക്കായ് രാജകുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കാത്തു കിടക്കുമ്പോള്‍ പാവപ്പെട്ടവരെ ശുശ്രൂഷിച്ചും ചികിത്സിച്ചും മുന്‍തെ തെരുവുകളില്‍ അലഞ്ഞു. ഫൊര്‍സ് സ്തുഗാനിലെ ലാര്‍സ് അമ്മാവന്റെ വീട്ടില്‍ വച്ച് ആക്‌സെലിനെ സന്ദര്‍ശിക്കുന്ന കുട്ടിച്ചാത്തന്‍, മുന്‍തെ സംസാരിക്കാനെത്തുന്ന ലാപ്പ്‌ലാണ്ടിലെ കരടികള്‍, പോത്തുകള്‍... പിന്നെയും ഒരുപാടു പേരുണ്ട് സാന്‍മിഷേലില്‍. പ്രത്യാശപോലെ ശക്തിയുള്ള വേറൊരു മരുന്നില്ലെന്നാണ് ഈ പുസ്തകത്തിലുടനീളം മുന്‍തെ പറഞ്ഞു വയ്ക്കുന്നത്.
സാന്‍മിഷേലിന്റെ കഥ കൂടാതെ ഇംഗ്ലീഷിലുള്ള നാലു പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ മുന്‍തേ എഴുതിയിരുന്നു. എന്നാല്‍ അതെല്ലാം സാന്‍മിഷേലിന്റെ നിഴലില്‍ മാത്രമേ നിന്നുള്ളൂ. സാന്‍ മിഷേലിന്റെ കഥയില്‍ ജീവിതത്തിന്റെ ആത്മാവുണ്ടായിരുന്നു. അതുകൊണ്ടുചെന്നെത്തിച്ച നേപ്പിള്‍സിലെ വസന്തത്തിന്റെ തെളിച്ചവും അന്നാകാപ്രിയിലെ പൂക്കളുടെ സുഗന്ധവും പിന്നീടൊരിക്കലും മാഞ്ഞുപോയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  9 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  16 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  25 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago