ബാബരി ഭൂമി കേസ് സുന്നി വഖ്ഫ് ബോര്‍ഡ് ഹരജി പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ നടന്നുവന്ന വാദത്തിന്റെ അവസാന ദിവസമായ ഇന്നലെ ആശയക്കുഴപ്പമുണ്ടാക്കാനും അട്ടിമറി നടത്താനും സംഘ്പരിവാര്‍ നീക്കം. കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയെച്ചൊല്ലിയാണ് ആശയക്കുഴപ്പം നിലനിന്നത്. വഖ്ഫ് സ്വത്തുക്കള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അടുത്തിടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഫാറൂഖിക്കെതിരേ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കേസിന്റെ അവസാന നിമിഷം യു.പി വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാനും ഫാറൂഖി ശ്രമിച്ചു. 1991ലെ ആരാധനാലയം നിയമപ്രകാരം ബാബരി ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശം ഉപേക്ഷിക്കാമെന്നും സുപ്രിംകോടതി നിയമിച്ച മധ്യസ്ഥസമിതിയിലെ ശ്രീരാം പഞ്ചിന് മുന്‍പാകെ അദ്ദേഹം വച്ചു. ബാബരി മസ്ജിദ് കേസില്‍ നിന്ന് പിന്മാറുകയാണെന്നും ബാബരി ഭൂമിക്ക് മേല്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്നും സ്ഥാപിക്കാനായിരുന്നു ഫാറൂഖിയുടെ ശ്രമം. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്കായിരുന്നു ഈ തീരുമാനങ്ങള്‍.
ഭൂമിയുടെ ഉടമസ്ഥാവകാശക്കേസിലെ മുഖ്യഹരജിക്കാരന്‍ അയോധ്യ സ്വദേശി ഹാഷിം അന്‍സാരിയായതിനാല്‍ അദ്ദേഹം പിന്‍മാറിയാല്‍ മാത്രമെ കേസിനെ ബാധിക്കൂ. വഖ്ഫ് ബോര്‍ഡ് ഇതില്‍ ഒരുകക്ഷി മാത്രമാണ്.
മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി എന്‍.ബി.എസ്.എ
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സംബന്ധിച്ച കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി 'നാഷ്‌നല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് സ്റ്റാന്റേര്‍ഡ് അതോറിറ്റി (എന്‍.ബി.എസ്.എ)'. ഇന്നലെയാണ് ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കോടതി നടപടികള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പാടില്ലെന്നും കേട്ട കാര്യങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. വിധിയുമായി ബന്ധപ്പെട്ട് ആഘോഷങ്ങളൊന്നും പ്രക്ഷേപണം ചെയ്യരുത്. ഒപ്പം സംവാദങ്ങളില്‍ പ്രകോപനപരമായ കാഴ്ചകളൊന്നും സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."