ശത്രുക്കള്‍ ജാഗ്രതൈ; കിം കുതിരപ്പുറത്ത്
സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വെള്ളക്കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ഫോട്ടോയാണിപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാവിഷയം. ഉത്തര കൊറിയയും ചൈനയും അതിര്‍ത്തി പങ്കിടുന്ന പക്തു പര്‍വതത്തിലെ ഹിമപാളികള്‍ക്കു മുകളിലൂടെയാണ് കിം കുതിരയെ ഓടിക്കുന്നത്.
അതേസമയം യു.എസിന്റെ ഉപരോധം വകവയ്ക്കാതെ കിം പുതിയ പദ്ധതി തയാറാക്കുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്നത്. കിം രാജവംശത്തിന്റെ അടയാളങ്ങളാണ് ഈ കുതിരയും പര്‍വതവും. 2013ല്‍ ശക്തനായ തന്റെ അമ്മാവനെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനു മുമ്പാണ് കിം ഇതുപോലെ പക്തു പര്‍വതം സന്ദര്‍ശിച്ചത്. 2018ല്‍ ദക്ഷിണ കൊറിയയും യു.എസുമായി നയതന്ത്ര ചര്‍ച്ച തുടങ്ങുംമുമ്പും അദ്ദേഹം ഈ പര്‍വത മുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പക്തു പര്‍വതത്തില്‍ കിം കുതിരപ്പുറത്തു വന്നതിന് കൊറിയന്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഞെട്ടിക്കാന്‍ പുതിയ ഒരു ഓപ്പറേഷന്‍ അദ്ദേഹം തയാറാക്കുന്നു എന്നാണ് ഇതിനര്‍ഥം- വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
ഉ.കൊറിയയുടെ യു.എസുമായുള്ള ആണവചര്‍ച്ച പരാജയപ്പെട്ടതിനു ശേഷമാണ് ഈ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ജപ്പാന്‍ കൊറിയയെ കോളനിയാക്കിവച്ചിരുന്ന കാലത്ത് കിമ്മിന്റെ പിതാമഹന്‍ കിം 2-സങ് ജപ്പാനെതിരേ ഗറില്ലാ താവളമൊരുക്കിയിരുന്നത് പക്തു പര്‍വതത്തിലാണെന്ന് പറയപ്പെടുന്നു. കിമ്മിന്റെ അച്ഛന്‍ കിം ജോങ് രണ്ടാമന്‍ ജനിച്ചത് ഈ പര്‍വതത്തിലായിരുന്നത്രേ.
വെള്ളക്കുതിരയും ഉ.കൊറിയയെ 70 വര്‍ഷമായി ഭരിച്ച കിം കുടുംബത്തിന്റെ അടയാളമാണ്. കിമ്മും സഹോദരിയും പിതാവും വെള്ളക്കുതിരപ്പുറത്തേറി യാത്ര ചെയ്യുന്ന ഫോട്ടോ ദേശീയ മാധ്യമം ഇടയ്ക്കിടെ കാണിക്കാറുണ്ട്. ജപ്പാന്‍ ഭരണാധികാരികളോട് പോരാടുമ്പോള്‍ കിമ്മിന്റെ പിതാമഹന്‍ കിം 2-സങ് ഇത്തരത്തില്‍ വെള്ളക്കുതിരയെ ഉപയോഗിച്ചിരുന്നു.
2006 മുതല്‍ ഉ.കൊറിയ 11 ഉപരോധങ്ങള്‍ നേരിട്ടിട്ടുണ്ട്. കിം ആണവമിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതോടെ 2016ലാണ് ഉപരോധം ശക്തമാക്കിയത്. യു.എസ് കൊണ്ടുവന്ന ഉപരോധം രാജ്യത്തിന്റെ പ്രധാന വരുമാനമായ കല്‍ക്കരി, തുണിത്തരങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതു പൂര്‍ണമായും നിരോധിക്കുകയും ചെയ്തു.
കിമ്മിന്റെ പുതിയ മലകയറ്റം രാജ്യം ബഹിരാകാശരംഗത്ത് നടത്താനിരിക്കുന്ന പുതിയ കുതിപ്പിന്റെ മുന്നോടിയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."