കീരനല്ലൂര്‍ ന്യൂക്കട്ട് ടൂറിസം പദ്ധതി: 22ന് യോഗം ചേരും
തിരൂരങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ട് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ 22ന് യോഗം ചേരും. ഭൂമി കാര്യത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്ക്കിടയില് നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടിയാണ് ന്യൂകട്ടില്‍ തന്നെ യോഗം ചേരുന്നത്.
ഇതുസംബന്ധിച്ച് ഇന്നലെ ചെമ്മാട് റസ്റ്റ് ഹൗസില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇറിഗേഷന്‍, ടൂറിസം, സര്‍വേ, റവന്യു, ഡി.ടി.പി.സി, എഫ്.ഐ.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പി.കെ അബ്ദുറബ്ബിന്റെ ശ്രമഫലമായി 2012ല്‍ ആരംഭിച്ച ടൂറിസം പദ്ധതി ഭൂമിയുടെ കൈമാറ്റവുമായ ബന്ധപ്പെട്ടാണ് നീണ്ടുപോയത്. കഴിഞ്ഞ മെയ് മാസത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പിന്നീട് സ്കെച്ചില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ഒന്നും നടന്നില്ല. വീണ്ടും സര്‍വേ നടത്തി പദ്ധതി ആരംഭിക്കുന്നതിനുവേണ്ടിയുള്ള അവസാനഘട്ട പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഇറിഗേഷന്‍ വകുപ്പിന്റെ 32.76 സെന്റ് ഭൂമിയടക്കം ചേര്‍ത്താണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കനാല്‍ ആഴം കൂട്ടല്‍, പാര്‍ശ്വഭിത്തി നിര്‍മാണം, സഞ്ചാരികള്‍ക്കായി കനാലിന്റെ ഇരുഭാഗങ്ങളിലുമായി 700 മീറ്ററോളം നീളത്തിലും പത്ത് അടി വീതിയിലുമായി കൈവരിയോട് കൂടിയ പുഴയോര നടപ്പാത, ഇരിപ്പിടം, ബോട്ട് സവാരി, ഗാര്ഡന്, കുട്ടികളുടെ പാര്‍ക്ക്, ടോയ്ലറ്റ് എന്നിവയാണ് ഒരുക്കുന്നത്. ഇതിനായി 1.17 കോടി രൂപയുടെ നിര്‍മാണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാകുകയും എഫ്.ഐ.ടിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമായാല്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കാനാകുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. എന്തെങ്കിലും കാരണവശാല്‍ പദ്ധതിയില്‍ കാലതാമസം നേരിടുകയാണെങ്കില്‍ അവ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്കി.
യോഗത്തില്‍ തിരൂരങ്ങാടി അഡിഷണല്‍ തഹസില്‍ദാര്‍ പി.എ ലത, സര്‍വേയര്‍ കെ. സുജിത് കുമാര്‍, ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അശോക് കുമാര്‍, ഇ.പി ബാലകൃഷ്ണന്, ടൂറിസം ഉദ്യോഗസ്ഥനായ പത്മകുമാര്‍, ഡി.ടി.പി.സി ഉദ്യോഗസ്ഥനായ പി.ഇ രാജീവ്, എ.കെ ചന്ദ്രന്, ടി.കെ നാസര്‍, പി.കെ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."