തുലാവര്‍ഷം ആരംഭിച്ചു, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോഴിക്കോട്: കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകും. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ തുലാവര്‍ഷം ഇന്നലെ ആരംഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വൈകുന്നേരങ്ങളില്‍ ഇടിമിന്നലിന് സാധ്യതുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ പലയിടങ്ങളിലും ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും 19 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറംഎന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണ കാലവര്‍ഷം എത്തിയതും വിടവങ്ങിയതും കണക്കുകള്‍ തെറ്റിച്ചായിരുന്നു. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് സംസ്ഥാനത്തെത്തിയത്. ജൂണിലും ജൂലൈയിലും മഴ കുറഞ്ഞു. പക്ഷെ ആഗസ്റ്റിലും സെപ്റ്റംബറിലും മഴ കനത്തു. കാലവര്‍ഷത്തില്‍ 13 ശതമാനം മഴ അധികം കിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."