കേരള ക്ലെയ്‌സ് ഐ.ടി ഹബ് ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാവും
കണ്ണൂര്‍: കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സിന്റെ കീഴില്‍ മാങ്ങാട്ടുപറമ്പില്‍ ആരംഭിക്കാനിരിക്കുന്ന ഐ.ടി ഹബ് ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാവും. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടം മന്ത്രി ഇ.പി ജയരാജന്‍ സന്ദര്‍ശിച്ചു. കമ്പനി ചെയര്‍മാന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് 4.6 കോടിരൂപ ചെലവില്‍ കമ്പനിയുടെ മാങ്ങാട്ടുപറമ്പിലെ പഴയയൂനിറ്റ് നവീകരിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. 23000 ചതുരശ്ര അടി സ്ഥലത്ത് നിര്‍മിക്കുന്ന ഐ.ടി ഹബ്ബിന്റെ 60 ശതമാനം സ്ഥലവും ഇതിനകം ബുക്കിങ് കഴിഞ്ഞതായി മന്ത്രിയെ അറിയിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികള്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിലൊരു ഭാഗം പുതുതായി സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുമായി വരുന്നവര്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്ന രീതിയില്‍ മാറ്റിവച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനിയുടെ പാപ്പിനിശ്ശേരിയിലെ പ്രധാന ഓഫീസിനോടു ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്ത് പെട്രോള്‍ പമ്പ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബി.പി.സി.എല്ലുമായി കരാര്‍ ഒപ്പുവച്ചു. നിലേശ്വരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലായി ഡയറി ഫാം, ഗോട്ട് ഫാം, കോക്കനറ്റ് പ്രൊസസിങ് യൂനിറ്റ് എന്നിവ ആംഭിക്കുന്നതിന് 9.5 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞതായും യോഗം വിലയിരുത്തി. മാങ്ങാട്ടുപറമ്പില്‍ തെങ്ങിന്‍ തടി കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നതിനുള്ള ഫര്‍ണിച്ചര്‍ ഹബ്ബ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."