ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ടു: വിധവയുടെ സമരത്തിന് പിന്തുണയേറുന്നു
മാള: പാലിശ്ശേരി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് മാനേജ്മെന്റ് അകാരണമായി പിരിച്ചു വിട്ട ലാബ് അസിസ്റ്റന്റ് ബിന്ദു നീതിക്കു വേണ്ടി സ്കൂളിനു മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.
വിധവയായ ബിന്ദുവിനു ജോലി തിരിച്ചു നല്‍കുകയോ ജോലി നല്കിയപ്പോള് കൊടുത്ത തുക തിരിച്ചു നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ബിന്ദുവിന് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 17ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ അന്നമനട പ്രൈവറ്റ് സ്റ്റാന്‍ഡിനു സമീപമുള്ള പഞ്ചായത്തിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഏകദിന ഉപവാസം നടത്തുന്നു.
സി.ആര് നീലകണ്ഠന് (കണ്‍വീനര്‍, ആം ആദ്മി പാര്‍ട്ടി, കേരളം)ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.കെ രമ (ആര്.എം.പി കേന്ദ്ര കമ്മിറ്റി അംഗം) ഉദ്ഘാടനം ചെയ്യും. സമരസമിതി കണ്‍വീനര്‍ എന്‍.എ അനീഷ്, സമര സഹായസമിതി കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ്, ചെയര്മാന് അഡ്വ. പി.എ പൗരന് നേതൃത്വം നല്‍കും. ബിന്ദുവിനു ഒപ്പം നില്ക്കുന്ന മൂഴിക്കുളം ശാല, ആം ആദ്മി പാര്‍ട്ടി, സി.പി.ഐ അന്നമനട ലോക്കല്‍ കമ്മിറ്റി, വിധവ ഐക്യവേദി, സ്ത്രീ കൂട്ടായ്മ, സി.പി.എം.എല്‍ റെഡ് സ്റ്റാര്‍, പ്രതിരോധ സമിതി, അധിനിവേശ വിരുദ്ധ സമരസമിതി, ജ്വാല വനിത കൂട്ടായ്മ, ഗാന്ധിയന്‍ കൂട്ടായ്മ എന്നിവരുടെ പ്രതിനിധികള്‍ ഉപവാസത്തില്‍ പങ്കെടുത്തു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."