പത്തിരിപ്പാലയിലെ അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുതുടങ്ങി
പത്തിരിപ്പാല: ടൗണിലെ അനധികൃത തട്ടുകടകളും അനധികൃതമായി കൈയേറിയ കടകളും റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടി തുടങ്ങി. തിങ്കളാഴ്ച രാവിലെ ആറരയോടെ ഒറ്റപ്പാലം റവന്യുവകുപ്പും മങ്കര പൊലിസും ചേര്‍ന്നാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്. പാതയോരത്തെ സ്‌കൂള്‍മതില്‍ ചേര്‍ന്നുള്ള ആറോളം തട്ടുകടകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. സംഭവമറിഞ്ഞ് തട്ടുകട ഉടമകള്‍ പ്രതിഷേധവുമായി തടഞ്ഞു.
കടക്കകത്തെ നിരവധി സാധനങ്ങളും ഉപകരണങ്ങളും മാറ്റാന്‍ രണ്ടു മണിക്കൂറെങ്കിലും സമയം അനുവദിക്കണമെന്നാവശ്യപെട്ടായിരുന്നു തടഞ്ഞത്. ഉദ്യോഗസ്ഥര്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് സ്ഥലത്തെത്തി. തട്ടുകട വ്യാപാരികള്‍ കലക്ടറോട് സംസാരിച്ചതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയത്തിനം കടയിലെ സാധനങ്ങള്‍ മാറ്റാന്‍ സമയം നല്‍കി. ഇതിനിടെ സംസ്ഥാന പാതയുടെ മറ്റുഭാഗം അനധികൃതമായി കൈയേറി സ്ഥാപിച്ചവയൊക്കെ പൊളിച്ചുനീക്കാന്‍ കലക്ടര്‍ ആവശ്യപെട്ടു. തുടര്‍ന്ന് പാതയുടെ മറുഭാഗം പൊളിച്ചുതുടങ്ങി.
രണ്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് അനധികമായി കെട്ടിയുയര്‍ത്തിയ കടകള്‍ പൊളിച്ചുനീക്കുന്നത്. പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നൂറോളം പൊലിസുകാരും സ്ഥലത്തെത്തി. ഇതിനിടെ വഴിയോര കച്ചവട യൂനിയന്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധവുമായെത്തി പ്രതിഷേധ പ്രകടനം നടത്തി. പല തവണയായി മുന്നറിയിപ്പ് നല്‍കിയിട്ടും പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് സബ് കലക്ടര്‍ അറിയിച്ചു. എന്നാല്‍ പൊളിക്കുന്നതിന് മുന്‍പ് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് കടയുടമകളും പറഞ്ഞു.
ഒറ്റപ്പാലത്തിന്റെ പരിധിയില്‍ പെടുന്ന ടൗണിലെ ഇരുഭാഗത്തുമുള്ള കൈയേറ്റങ്ങളാണ് നീക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് പൊളിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ എം.എല്‍.എ ഇടപെട്ട് തല്‍ക്കാലിക സമയത്തേക്ക് നീട്ടിവക്കുകയായിരുന്നു. ഒറ്റപ്പാലം സി.ഐ മുനീര്‍, മങ്കര എസ്.ഐ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ഉണ്ടായിരുന്നു. തഹസില്‍ദാര്‍ ബിജു, അസി. താഹസില്‍ദാര്‍ ഷീല, ഡപ്യൂട്ടി തഹസില്‍ദാര്‍, ശ്രീനിവാസന്‍, ലെക്കിടി ഒന്ന് വില്ലേജ് ഓഫിസര്‍ സുമ, സംഘമാണ് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് വഴിയോര കച്ചവട യൂനിയന്‍ സി.ഐ.ടി.യു പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കൃഷ്ണദാസ്, രാധാകൃഷ്ണന്‍, വി.കെ ഉമ്മര്‍, സന്തോഷ്, അബൂട്ടി, പേരൂര്‍ ലോക്കല്‍ സെരട്ടറി പി.കെ പ്രമോദ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."