ഭൂഖണ്ഡങ്ങള്‍ മുറിച്ചു കടന്ന് തുര്‍ക്കി മാരത്തോണ്‍
സ്വാലിഹ് വാഫി ഓമശ്ശേരി
ഇസ്താംബൂള്‍ : ഭൂഖണ്ഡങ്ങള്‍ക്കു കുറുകെയുള്ള ലോകത്തിലെ ഏക മാരത്തോണിന് വീണ്ടും സാക്ഷ്യം വഹിച്ചു തുര്‍ക്കി. ഇസ്താംബൂളിലെ ജൂലൈ 15 രക്തസാക്ഷി പാലത്തിന്റെ ഏഷ്യന്‍ ഭാഗത്തു നിന്നായിരുന്നു മാരത്തോണിന്റെ ആരംഭം. മുമ്പ് ഫോസ്ഫറസ് എന്നായിരുന്നു പാലം അറിയപ്പെട്ടിരുന്നത്. നഗരത്തിന്റെ യൂറോപ്യന്‍ സൈഡില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സുല്‍ത്താന്‍ അഹ്മത്ത് സ്‌ക്വയറിലായിരുന്നു ഫിനിഷിങ് ലൈന്‍. 'ആരോഗ്യകരമായ ഭാവിക്ക് ഇസ്താംബൂളിലൊരു റണ്‍' എന്നായിരുന്നു ഇസ്താന്‍ബൂള്‍ മാരത്തോണിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
ഇസ്താംബൂളിലെ പ്രധാന കേന്ദ്രങ്ങളായ യൂറേഷ്യ ടണല്‍, ഗലാത്ത ടവര്‍, എമിനോന്‍ ബക്കിര്‍കോയ് തീരദേശ റോഡ്, ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളും അടച്ചു വലിയ സുരക്ഷാ സംവിധാനത്തോടെയായിരുന്നു 40മത് വോഡഫോണ്‍ മാരത്തോണ്‍ അരങ്ങേറിയത്.
നൂറിലധികം രാജ്യങ്ങളില്‍ നിന്ന് 3,500 വിദേശികളടക്കം 30,000 പ്രൊഫഷണല്‍ റണ്ണറുകളാണ് മാരത്തോണില്‍ പങ്കെടുത്തത്. കൂടാതെ 100,000ഓളം ആളുകള്‍ 8 കിലോമീറ്റര്‍ ഫണ്‍ റണ്ണിലും പങ്കെടുത്തു. 42 കിലോമീറ്റര്‍ നീളമുള്ള മാരത്തോണ്‍ 15 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 8 കിലോമീറ്റര്‍ അളവില്‍ മൂന്നു റേസുകളും, വീല്‍ ചെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സ്‌പെഷ്യല്‍ റേസും ഉള്‍പ്പെടുത്തിയിരുന്നു.
റഷ്യ, ജര്‍മനി, ഉക്രൈന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയാണ് ആദ്യ അഞ്ചു രാജ്യങ്ങള്‍. തുര്‍ക്കി കെനിയ, എത്യോപ്യ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, മൊറോക്കോ എന്നി രാജ്യങ്ങളാണ് പതിനഞ്ചു അംഗ ടീമിലെ രാജ്യങ്ങള്‍. പുരുഷ വിഭാഗത്തില്‍ കെനിയയുടെ ഫെലിക്‌സ് കിമുതൈ ഒന്നാം സ്ഥാനവും, ബഹ്‌റൈന്റെ എബ്രഹാം കോപ്രോട്ടിക്, ഫ്രാന്‍സിന്റെ ഇബ്രാഹിം അബ്ദു രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ കെനിയയുടെ രുത് ചെന്‍പെനിച്ച്, മാര്‍ഗരറ്റ് അഗൈ ആദ്യ രണ്ടു സ്ഥാനം നേടിയപ്പോള്‍, എത്യോപ്യയുടെ ഫത്തൂമാ സാഡോ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
1979 ലാണ് ഇസ്താംബൂള്‍ മാരത്തോണ്‍ ആരംഭിക്കുന്നത്. പിന്നീട് അത് തുര്‍ക്കിയിലെ ജനപ്രിയ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ ഒന്നായി മാറി. വര്‍ഷം കൂടും തോറും ജനപ്രീതി നേടുന്ന ഇസ്താംബൂള്‍ മാരത്തോണ്‍ വിദേശ രാജ്യങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇസ്താംബൂള്‍ മാരത്തോണ്‍ റാങ്ക് ലിസ്റ്റില്‍ യൂറോപ്പില്‍ 17 മതും, ലോകത്തിലെ 38 മത്തേതുമാണ്.
(ഇസ്താംബൂളിന്റ ഒരുഭാഗം ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലുമാണ്. ഈ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഫോസ്ഫറസ് പാലം. ഈ പാലത്തിലൂടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."