'വിശ്വാസം' തന്നെയെല്ലാം; ശബരിമല വികസനം ആയുധമാക്കി സി.പി.എം യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പോരാട്ടം കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ പ്രചാരണം കേന്ദ്രീകരിക്കുന്നത് വിശ്വാസത്തില്‍ മാത്രം. പ്രാദേശിക വികസനവും വിവാദങ്ങളുമൊക്കെയായി കത്തിക്കയറിയ അങ്കമാണ് ഫൈനല്‍ ലാപ്പില്‍ ശബരിമല എന്ന ഒറ്റ അജണ്ടയിലേക്ക് എത്തിയത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തൊടുത്ത 'ശരി ദൂരം' മറിടക്കാന്‍ ശബരിമലയെ ആയുധമാക്കി സി.പി.എം തിരിച്ചടിക്കുന്നു.
വട്ടിയൂര്‍കാവിലും കോന്നിയിലും ഉള്‍പ്പെടെ ആഘാതം കുറയ്ക്കാന്‍ വിശ്വാസമല്ലാതെ മാര്‍ഗമില്ലെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. അനുനയം ഏല്‍ക്കില്ലെന്ന് വന്നതോടെയാണ് ശബരിമല വികസനത്തെ പ്രതിരോധമാക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമനത്തിലെ മുന്നോക്ക സംവരണവും ശബരിമല വികസനവും എല്‍.ഡി.എഫും സി.പി.എമ്മും പ്രധാന പ്രചാരണായുധമാക്കി. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ വീടുകയറിയാണ് വിശ്വാസത്തിലെ തിരിച്ചടി നേരിടാന്‍ പൊരുതുന്നത്. വോട്ടു തേടിയുള്ള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന പ്രചാരണായുധം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളായിരുന്നു.
എന്‍.എസ്.എസിന്റെ ശരി ദൂരം നല്‍കിയ ഊര്‍ജത്തില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയതിനെ പ്രതിരോധിക്കാന്‍ ശബരിമല തന്നെ ഉപയോഗിക്കുകയല്ലാതെ ഇടതിനും മറ്റുമാര്‍ഗമില്ലാതായി. രാഷ്ട്രീയ പോരാട്ടമെന്ന അവകാശവാദവുമായാണ് സി.പി.എം ഉപതെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഒടുവിലേക്ക് എത്തുമ്പോള്‍ പ്രചാരണരംഗത്ത് കൊടിയുടെയും ചിഹ്നത്തിന്റെയും നിറം മഞ്ഞയും പച്ചയും കുരിശു രൂപവുമൊക്കെയായി മാറുന്ന കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."