ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. മറ്റൊരു ബി.എസ്.എഫ് ജവാന് ഗുരുതരമായി പരുക്കേറ്റു. കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിങ് (50) ആണ് മരിച്ചത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ഇന്ത്യോ-ബംഗ്ലാ അതിര്‍ത്തിയിലെ ഫ്ളാഗ് മീറ്റിങ്ങിന് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍, ഇന്നലെ വൈകീട്ടോടെയാണ് സംഭവം സൈന്യം സ്ഥിരീകരിച്ചത്.
സംഭവത്തെ കുറിച്ച് സൈന്യം പറയുന്നത് ഇങ്ങനെ: അതിര്‍ത്തിയിലെ പത്മ നദിയില്‍ മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനായി പോയിരുന്നു. അതില്‍ രണ്ടുപേര്‍ തിരിച്ചുവന്നു. ഏതാനും സമയത്തിന് ശേഷം തങ്ങള്‍ എല്ലാവരെയും ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണസേന തടഞ്ഞുവച്ചുവെന്നും രണ്ടുപേരെ മാത്രമാണ് വിട്ടയച്ചതെന്നും അവര്‍ കാക്മരിച്ചര് ബി.എസ്.എഫ് പോസ്റ്റിലെത്തി പരാതി പറഞ്ഞു.
ഇതിന് പിന്നാലെയാണ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ ഇന്ത്യ- ബംഗ്ലാ ഫ്ളാഗ് മീറ്റിങ് നടന്നത്. യോഗത്തിനിടെ പിടിയിലായ മല്‍സ്യത്തൊഴിലാളിയെ വിട്ടുകിട്ടണമെന്ന് ബി.എസ്.എഫ് ആവശ്യപ്പെട്ടെങ്കിലും ബംഗ്ലാ സൈന്യം വഴങ്ങിയില്ല. ഇതിന് പിന്നാലെ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ബി.എസ്.എഫ് ജവാന്മാര്ക്ക് നേരെ ബംഗ്ലാ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ബി.എസ്.എഫ് മേധാവി വി.കെ ജോഹ്രി, ബംഗ്ലാദേശ് സൈനികതലവന്‍ മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാമിനെ വിളിച്ചു വിവരങ്ങള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ബംഗ്ലാ സൈനികമേധാവി ബി.എസ്.എഫിന് ഉറപ്പുനല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."