ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കും
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് ഇന്ത്യയുടെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമെന്ന് ബി.സി.സി.ഐ. കോച്ചായിരുന്ന അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതില്‍ ബി.സി.സി.ഐ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുംബ്ലെ കഴിഞ്ഞ ദിവസം സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ച് രാജിവയ്ക്കുകയും ചെയ്തു.
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പുതിയ കോച്ചിനെ നിയമിക്കും. 2019ലെ ലോകകപ്പ് വരെ കാലാവധിയാണ് പുതിയ പരിശീലകന് നല്‍കുകയെന്നും ബി.സി.സി.ഐ താത്കാലിക പ്രസിഡന്റ് സി.കെ ഖന്ന വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ ഓപണര്‍ വിരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ്, ദൊഡ ഗണേഷ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍. മുന്‍ ആസ്ത്രേലിയന്‍ ബൗളിങ് കോച്ച് ക്രെയ്ഗ് മക്ഡര്മോട്ട് അപേക്ഷിച്ചെങ്കിലും ബി.സി.സി.ഐ തീരുമാനിച്ച സമയം കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചിരുന്നു. അതേസമയം അനില്‍ കുംബ്ലെ രാജിവച്ചതിനാല്‍ സാഹചര്യങ്ങള്‍ മാറിയെന്നും കൂടുതല്‍ പേരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ ആലോചിക്കുന്നതായും ഒരു ബി.സി.സി.ഐ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."