കാട്ടുപന്നികളെ വിഷംവെച്ചു കൂട്ടത്തോടെ കൊന്നൊടുക്കുന്നു
പാലക്കാട്: എലവഞ്ചേരി, കൊല്ലങ്കോട്, നെന്മാറ ഗ്രാമ പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. പ്രത്യേകിച്ച് എലവഞ്ചേരിപഞ്ചായത്തിലെ മലയോര പ്രദേശമായ കൊളുമ്പ്, പനങ്ങാട്ടിരി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുപന്നികളെ വിഷംവെച്ചു കൊന്നൊടുക്കുന്നത്. കോഴിവേസ്റ്റില്‍ യൂറിയ കലക്കുകയും അത് ഭക്ഷിക്കുന്ന പന്നികള്‍ അപ്പോള്‍ തന്നെ പിടഞ്ഞു മരിക്കുകയുമാണ് ചെയ്യുന്നതെന്ന് പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഇരുപതോളം കാട്ടുപന്നികള്‍ ചത്തിട്ടുണ്ടെന്നാണ് പറയുന്നത്.
ഈ മേഖലയില്‍ ഏറ്റവുമധികം പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഇത് തിന്നാനെത്തുന്ന ഭാഗങ്ങളിലാണ് കോഴി വേസ്റ്റില്‍ യൂറിയ കലക്കിവെക്കുന്നത്. ഇങ്ങിനെ ചാവുന്ന പന്നികളെ ഇറച്ചിയാക്കി വില്‍പ്പന നടത്തുന്ന ചില വേട്ടക്കാരുമുണ്ടിവിടെ എന്നാല്‍, വനം വന്യജീവി വകുപ്പ് ഇതൊന്നും അറിയുന്നില്ല. അറിഞ്ഞാല്‍ തന്നെയും കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുന്ന അവസ്ഥയുമുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. കാട്ടുപന്നികളെ കൊല്ലുന്നതുന്നതും ഇറച്ചിക്കായി ഉപയോഗിക്കുന്നതും കുറ്റമാണെങ്കിലും പരാതി പറയാന്‍ ആരും തയാറാവാത്തതിനാല്‍ കേസും മറ്റും നടപടികളുമില്ലാതെ ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ പന്നിപ്പനി ബാധിച്ചാണ് ചാവുന്നതെന്ന നിഗമനത്തിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."