പൊലിസ് അനാഥരാക്കിയ ഈ കുരുന്നുകള്‍ക്ക് ഇത് നിറമില്ലാത്ത ശിശുദിനം
സുനി അല്‍ഹാദി
കൊച്ചി: ഇന്ന് ശിശുദിനം. കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രിയ ചാച്ചാജിയുടെ ജന്മദിനം ആടിയും പാടിയും ചാച്ചാജിയായി വേഷമിട്ടുമൊക്കെ കുരുന്നുകള്‍ ആഘോഷിക്കുമ്പോള്‍ ഇതില്‍ നിന്നൊക്കെ മാറി ഒരിക്കലും തിരിച്ചുവരാത്ത തന്റെ അച്ഛനായി കാത്തിരിക്കുകയാണ് വരാപ്പുഴയിലെ നാലരവയസുകാരി ആര്യനന്ദ. കാരണം അച്ഛന്‍ വന്നിട്ട് വേണം അവള്‍ക്ക് പരിപാടിക്കായി ഒരുങ്ങാന്‍. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ശിശുദിന പരിപാടിക്കായി അവളെ ഒരുക്കിയത് അച്ഛനായിരുന്നു. അര്യനന്ദക്ക് മാത്രമല്ല നെയ്യാറ്റിന്‍കരയിലെ നാലുവയസുകാരന്‍ ആല്‍ബിനും മൂന്നുവയസുകാരന്‍ അലനും ഇത് ആഘോഷങ്ങളില്ലാത്ത ശിശുദിനമാണ്. ഇന്നു വരും, നാളെ വരുമെന്ന് കരുതി കാത്തിരിക്കുന്ന തങ്ങളുടെ പിതാക്കന്‍മാര്‍ പൊലിസിന്റെ കൈകളാല്‍ കൊല്ലപ്പെട്ടുവെന്ന് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല ഈ കുരുന്നുകള്‍ക്ക്. വരാപ്പുഴയില്‍ പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഏക മകളാണ് ആര്യനന്ദ. കഴിഞ്ഞ ശിശുദിന റാലിയില്‍ ആര്യനന്ദയും പങ്കെടുത്തിരുന്നു. ആര്യനന്ദ പഠിച്ചിരുന്ന അങ്കണവാടിയിലെ കുട്ടികളെല്ലാം വിവിധ വേഷംധരിച്ച് അന്ന് ശിശുദിന റാലി നടത്തിയിരുന്നു. ആര്യനന്ദയുടെ വേഷം താറാവിന്റെതായിരുന്നു. അവളെ താറാവായി അണിയിച്ചൊരുക്കിയത് പിതാവ് ശ്രീജിത്തായിരുന്നു. ഇപ്പോള്‍ എല്‍.കെ.ജിയിലാണ് ആര്യനന്ദ പഠിക്കുന്നത്. ചാച്ചാജിയുടെ വേഷമണിഞ്ഞ് എത്തണമെന്ന് ടീച്ചര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, 'അച്ഛന്‍ വന്നിട്ടു ചാച്ചാജിയാകാം' എന്നാണ് ഈ കുരുന്നിന്റെ മറുപടി. പൊലിസ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട വാര്‍ത്തക്കൊപ്പം പത്രത്തില്‍ വന്ന ശ്രീജിത്തിന്റെ ചിത്രം ആര്യനന്ദ സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടക്കിടെ ഈ ചിത്രമെടുത്ത് നോക്കി ചോദിക്കും; 'എപ്പഴാ അച്ഛാ വരിക? എന്നെ ചാച്ചാജിയാക്കി ഒരുക്കിതരുമോ ?' എന്നൊക്കെ. മകളുടെ ചോദ്യത്തിനുമുന്നില്‍ പതറിപ്പോവുന്നത് ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ്. ചിലപ്പോള്‍ അവളുടെ ചോദ്യം 'ഞാന്‍ വലുതാകുമ്പോള്‍ അച്ഛന്‍ വരുമോ?' എന്നാണ്. സ്‌കൂളില്‍ ഇതിനോടകം ഒരുപാട് മത്സരങ്ങള്‍ നടന്നു. കഥപറച്ചിലും ആക്ഷന്‍ സോങ്ങും ഒക്കെ. പക്ഷേ അതിനൊന്നും അവള്‍ പങ്കെടുത്തില്ല. അച്ഛനില്ലാതെ എന്ത് മത്സരങ്ങള്‍...
കഴിഞ്ഞതവണ ആര്യനന്ദ ശിശുദിന റാലിയില്‍ പങ്കെടുത്തപ്പോള്‍ ശ്രീജിത്ത് ഒരുപാട് ഫോട്ടോകള്‍ എടുത്തിരുന്നു. പക്ഷേ അതൊന്നു കാണാനുള്ള ഭാഗ്യം പോലും ഞങ്ങള്‍ക്കുണ്ടായില്ലെന്ന് അഖില പറഞ്ഞു. പൊലിസ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹരജി ഇതുവരെ പരിഗണനയ്ക്ക് പോലും എടുത്തിട്ടില്ല. 'ഏതിനേക്കാളും വിലപ്പെട്ടതാണ് ആഫോണ്‍, കാരണം അതില്‍ ശ്രീജിത്തിനൊപ്പമുള്ള ഒരുപാട് നിമിഷങ്ങളുണ്ട്.' അഖില കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എസ്.പി തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ മക്കളായ എല്‍.കെ.ജി വിദ്യാര്‍ഥി ആല്‍ബിനും കിഡ്‌സ് കെയറില്‍ പോകുന്ന അലനും ഇന്ന് ശിശുദിനാഘോഷമില്ല. ചാച്ചാജിയുടെ വേഷം കെട്ടാനോ പാട്ടുപാടാനോ ഒന്നും ഇവരില്ല. അച്ഛനെ കൊന്നയാള്‍ മരിച്ചു എന്ന് ആരൊക്കെയോ പറയുന്നു. അമ്മ അച്ഛന്റെ പടം മുഖത്തോട് ചേര്‍ത്തുവച്ച് കരയുന്നു...കാമറക്കണ്ണുകള്‍ തങ്ങളിലേക്ക് മിന്നിമായുന്നു... ഇതൊക്കെയാണ് ഇവരുടെ ശിശുദിനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."