മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടത് തന്റെ അയല്‍വാസിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍
കോട്ടയം: എം.ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനും മന്ത്രി കെ.ടി ജലീലിനും തിരിച്ചടി. അദാലത്തില്‍ മന്ത്രിയുടെ സ്റ്റാഫ് പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ വ്യക്തമാക്കി. പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റിനും അധികാരമില്ല.
നിയമലംഘനമാണ് ഇവിടെ നടന്നത് സര്‍വകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ഥിയുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാം എന്നതില്‍ കവിഞ്ഞ് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വാദത്തിനെതിരേ മുന്‍ വി.സിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ഉപാധ്യക്ഷനും രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം മന്ത്രിയുടെ സ്റ്റാഫ് പങ്കെടുത്തതിന് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഡോ.കെ. ഷറഫുദ്ദീന്റെ അയല്‍വാസിയായ വിദ്യാര്‍ഥിക്കാണ് മാര്‍ക്ക് കൂട്ടി നല്‍കിയത്. മാര്‍ക്ക് ദാന അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നു എന്നുള്ള വാദം ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിയുകയായിരുന്നു.
മന്ത്രിയെ പിന്‍താങ്ങിയിരുന്ന വി.സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൗനം പാലിച്ചു. ഉദ്ഘാടന ശേഷവും പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുക്കുന്നതും രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി എത്തുന്നതും പരിഹരിക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്ത് മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ് ദൃശ്യങ്ങള്‍. .
പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയായ കായം കുളം വിദ്യാര്‍ഥിക്കാണ് മാര്‍ക്ക് കൂട്ടി നല്‍കിയത്. ഇതു സംബന്ധിച്ച ദൃശ്യങ്ങളോട് പ്രതികരിക്കാന്‍ സിന്‍ഡിക്കേറ്റ് തയാറായിട്ടില്ല. ഇതിലൂടെ വെളിപ്പെടുന്നത് വ്യക്തമായ ഗൂഡാലോചനയോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെന്നാണ്.
ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ ഉത്തരവാദിത്വം ഇല്ലെങ്കില്‍ മാര്‍ക്ക് ദാനത്തില്‍ വി.സിക്കതിരേ അന്വേഷണം നടത്താന്‍ മന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തയാറാണോ എന്ന് ചെന്നിത്തല ചോദിച്ചിരുന്നു.
അതോടൊപ്പം തന്നെ അദാലത്തിന്റെ തലേ ദിവസം ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനം എടുത്തതായി ചില കേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമായിട്ടുണ്ട്. ആറു സപ്ലിമെന്ററി പരീക്ഷ വരെ തോറ്റ വിദ്യാര്‍ഥിയെ മാര്‍ക്ക് ദാനത്തിലൂടെ വിജയിപ്പിച്ചതായ വാര്‍ത്തയും പുറത്തു വന്നുകഴിഞ്ഞു. ഇതോടെ മന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പങ്കിനെക്കുറിച്ച് വ്യക്തത വന്നിട്ടുണ്ട്.
മന്ത്രിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ സര്‍വകലാശാലയ്ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഘാന്‍ എം.ജി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയത്. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്ന് അദ്ദഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉചിത നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജിയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."