വിദ്യാര്‍ഥിയുടെ ദുരൂഹ മരണം; അന്വേഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍
ചങ്ങരംകുളം: പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ കോളജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സ്ഥിരീകരണം പോലും പൊലിസിന് നല്കാന് കഴിഞ്ഞിട്ടില്ല.
പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ കോളജിലാണ് ഒക്ടോബര്‍ 31ന് രാത്രി എട്ട് മണിയോടെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം പള്ളിക്കര സ്വദേശി കോഴിക്കല്‍ അബ്ദുള്ളക്കുട്ടിയുടെ മകന് അജ്മല്‍(21)നെയാണ് ദുരൂഹമായ സാഹചര്യത്തില്‍ കോളജ് കെട്ടിടത്തില്‍ കണ്ടെത്തിയത്. സംഭവം നടന്ന കോളജില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടെന്നിരിക്കെ പൊലിസിന് ഇപ്പോഴും മരണകാരണത്തില്‍ പോലും ഉത്തരം നല്കാന് കഴിയാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
സഹപാഠികള്‍ ചേര്‍ന്ന് കഴുത്തില്‍ കണ്ടെത്തിയ തുണിക്കഷ്ണം മുറിച്ച് മാറ്റി ആശുപത്രിയില്‍ എത്തിച്ചെന്നാണ് വിവരം. സ്വാഭാവികമെന്ന് പറയുമ്പോഴും വിദ്യാര്‍ഥി മരിച്ചു കിടന്ന സാഹചര്യങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്പിക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."