HOME
DETAILS
MAL
ഭീകരതയ്‌ക്കെതിരേ നടപടിയെടുക്കല്‍: പാകിസ്താന് എഫ്.എ.ടി.എഫ് നാലുമാസം കൂടി സമയം നല്‍കി
backup
October 19 2019 | 02:10 AM
പാരിസ്: രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്ന അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താന് നാലുമാസം കൂടി സാവകാശം അനുവദിച്ചു. അതുവരെ പാകിസ്താന്‍ ഗ്രേപട്ടികയില്‍ തുടരും. പാരിസില്‍ നടന്ന എഫ്.എ.ടി.എഫ് പ്ലീനറി യോഗമാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനെടുത്ത കര്‍മപദ്ധതികള്‍ എഫ്.എ.ടി.എഫ് മുമ്പാകെ സമര്‍പ്പിക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും രാജ്യാന്തര സംഘടന പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എഫ്.എ.ടി.എഫ് ആവശ്യപ്പെട്ട 27 കാര്യങ്ങളില്‍ അഞ്ചെണ്ണം മാത്രമേ പാകിസ്താന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളൂവെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിക്കകം ലഷ്‌കറെ ത്വയ്യിബ പോലുള്ള ഭീകരസംഘടനകള്‍ക്ക് പണമെത്തുന്നതും കള്ളപ്പണവും നിയന്ത്രിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പു നല്‍കി.
നിലവില്‍ ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിലാണ്. ഇത്തരം രാജ്യങ്ങള്‍ക്ക് ഐ.എം.എഫ് പോലുള്ള ആഗോള സാമ്പത്തിക കൂട്ടായ്മകളില്‍ നിന്ന് വായ്പയോ സാമ്പത്തികസഹായമോ ലഭിക്കില്ല.
2018 ജൂണ്‍ അവസാനമാണ് പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍ പെടുത്തിയത്. അന്താരാഷ്ട്ര സാമ്പത്തികരംഗത്തിനു ഭീഷണിയാവുന്ന തരത്തില്‍ കള്ളപ്പണവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായവും ലഭ്യമാക്കുന്ന രാജ്യങ്ങളെ നിയന്ത്രിക്കാനായി 1989ലാണ് എഫ്.എ.ടി.എഫ് രൂപീകരിക്കപ്പെട്ടത്.
ഗ്രേ പട്ടികയിലായതിനാല്‍ പാകിസ്താന് ഐ.എം.എഫ്, ലോകബാങ്ക്, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവയില്‍ നിന്ന് വായ്പ ലഭിക്കാന്‍ പ്രയാസമാണ്. ഇത് കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് വലിയ ദോഷം ചെയ്യും. ഗ്രേ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ യു.എസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."