ദേശീയപാത: മൂന്നു റീച്ചുകളുടെ നിര്‍മാണം 2022ല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത 45 മീറ്റര്‍ വീതികൂട്ടാനുള്ള മൂന്നു റീച്ചുകളുടെ നിര്‍മാണം 2022ല്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നു സംസ്ഥാനം ഉറപ്പുനല്‍കിയിട്ടുണ്ട്. മറ്റ് അഞ്ച് റീച്ചുകളുടെ നിര്‍മാണം അടുത്ത മാര്‍ച്ചോടെ തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഇതിനോടകം വടക്കന്‍ മേഖലയിലെ ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, മൂടാടി ഭാഗങ്ങളുടെ പ്രവൃത്തി ടെന്‍ഡറിലേക്ക് കടക്കുകയാണ്. പേരോല്‍-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് റീച്ചുകളുടെ പഠന റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കും. ഇതുള്‍പ്പടെ അഞ്ചുറീച്ചുകളുടെ പണി 2020 മാര്‍ച്ചില്‍ തുടങ്ങാനാകും. തലപ്പാടി-ചെങ്ങള റീച്ചിന് 21.55 ഹെക്ടര്‍ഭൂമി ഏറ്റെടുത്തു. 35.66 ഹെക്ടറാണ് ഇനി അധികമായി വേണ്ടത്. ചെങ്ങള- നീലേശ്വരം റീച്ചില്‍ അധികമായിവേണ്ട 41 ഹെക്ടറില്‍ 20 ഹെക്ടര്‍ ഏറ്റെടുത്തു. രണ്ടു റീച്ചുകളുടെയും കരാര്‍ നവംബര്‍ അഞ്ചിനകം തയ്യാറാക്കും.
ഭൂമിയേറ്റെടുക്കാന്‍ വൈകിയതും ഏറ്റെടുക്കലിനെതിരേ നടന്ന പ്രതിഷേധവും കേസും വന്നതാണ് നിര്‍മാണജോലികള്‍ വൈകാനിടയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തിയശേഷം ധാരണാപത്രം ഒപ്പിട്ടിതോടെയാണ് നടപടികള്‍ വേഗത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."