സഊദി പൊതുമാപ്പ് ശനിയാഴ്ച്ച അവസാനിക്കും; ദീര്‍ഘിപ്പിക്കില്ലെന്ന ജവാസാത്ത്
റിയാദ്: സഊദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങി പോകാന്‍ അവസരം നല്‍കിയ മൂന്നു മാസത്തെ പൊതു മാപ്പിന് ശനിയാഴ്ച്ച അവസാനമാകും. 'നിയമ ലംഘകരില്ലാതെ രാജ്യം' എന്ന ലക്ഷ്യത്തോടെ മൂന്നു മാസം മുന്‍പാണ് സഊദി ഭരണാധികാരി അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് സേവനം പ്രഖ്യാപിച്ചത്. പൊതുമാപ്പ് കാലയളവില്‍ ഇത് വരെ ഇതുവരെ നാലേമുക്കാല്‍ ലക്ഷം നിയമ ലംഘകര്‍ പദവി ശരിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു. നിയമ ലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ദീര്‍ഘിപ്പിക്കുന്നതിന് ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിസാന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തുന്ന ജവാസാത്ത് മേധാവി പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്താണ് പൊതുമാപ്പ് ദീര്‍ഘിപ്പിക്കുന്നതിന് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്. പൊതുമാപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത് എന്ന കാര്യം കണക്കിലെടുത്ത് നിയമ ലംഘകരുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്ക് മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ നിര്‍ദേശം നല്‍കി. ഇതിനായി റമദാന്‍, പെരുന്നാള്‍ അവധി ദിനങ്ങളിലും ജവാസാത്ത് പ്രവര്‍ത്തനം ഉണ്ടാകുമെന്നു ജാവാസാത് നേരത്തെ തന്നെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."