വി.എസ് 97
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയേഴാം പിറന്നാള്‍. വിമര്‍ശനങ്ങളെ ഭയപ്പെട്ടുള്ള പിന്മാറ്റമല്ല, ചുട്ട മറുപടി നല്‍കിയുള്ള തിരിച്ചടിയാണ് വി.എസിന്റെ ശൈലി. തൊണ്ണൂറ്റിയേഴിന്റെ പടിവാതില്‍ക്കലും വി.എസ് കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാകുന്നതും ആ പോരാട്ട വീര്യം കൊണ്ടുതന്നെ. പിറന്നാള്‍ത്തലേന്നും അത്തരമൊരു മറുപടിയിലൂടെയാണ് വി.എസ് വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രായത്തെച്ചൊല്ലി അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനാണ് ഇത്തവണ വി.എസിന്റെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞത്. ഒപ്പം സമദൂരം വെടിഞ്ഞ് ശരിദൂരം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും.
വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ആലപ്പുഴയിലെ ദരിദ്ര കുടുംബത്തില്‍ 1923 ഒക്‌ടോബര്‍ 20നാണ് ജനനം. സാമ്പത്തിക പരാധീനത മൂലം ഏഴാം വയസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. അതിനിടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. തുടര്‍ന്ന് തയ്യല്‍ത്തൊഴിലാളിയായും കയര്‍ ഫാക്ടറി ജീവനക്കാരനായും ജീവിതത്തോടുള്ള പോരാട്ടം തുടങ്ങി വി.എസ്. പഴയകാല കമ്മ്യൂണിസ്റ്റുകളെപ്പോലെ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും കോണ്‍ഗ്രസുമായും സഹകരിച്ചു തന്നെയായിരുന്നു വി.എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങിയത്. പിന്നീട് പുന്നപ്ര വയലാര്‍ സമര നായകനായി.
ഇതിനിടെ വര്‍ഷങ്ങള്‍ നീണ്ട ഒളിവുജീവിതവും ജയില്‍ വാസവും കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന. പൂഞ്ഞാര്‍ ലോക്കപ്പിലേറ്റ മര്‍ദനവും മരിച്ചെന്നു കരുതി പൊലിസുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതുമൊക്കെ ചരിത്രം. 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പാര്‍ട്ടി അംഗത്വത്തില്‍ എത്തിയിട്ട് 79 വര്‍ഷം. ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ ഒരു കമ്മ്യൂണിസ്റ്റിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡ്. 1958ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗമായി. നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ്. സി.പി.എമ്മിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ തുടരുന്നതും മറ്റൊരു അപൂര്‍വത. അതുകൊണ്ടാണ് വി.എസിന്റെ ജീവിതം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."