മാര്‍ക്ക് ദാന വിവാദം: മന്ത്രി ജലീലിനെ സി.പി.എം കൈവിടുന്നു
കോട്ടയം: വിവാദങ്ങള്‍ ഒഴിയാബാധയായി മാറിയതോടെ മന്ത്രി കെ.ടി ജലീലിനെ സി.പി.എം കൈയൊഴിഞ്ഞേക്കുമെന്ന് സൂചന. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം സംബന്ധിച്ച വിവാദങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രതികരണത്തില്‍ ജലീലിനെ പ്രതിരോധിക്കുന്നില്ലെന്നത് വ്യക്തമാണ്.
ജലീലിനെതിരേ മുമ്പുയര്‍ന്ന ആരോപണങ്ങളെ പാര്‍ട്ടി പൂര്‍ണമായും പിന്തുണച്ചിരുന്നു. മാര്‍ക്ക്ദാന വിവാദത്തില്‍ എം.ജി സര്‍വകലാശാലയെ കുറ്റപ്പെടുത്തുമ്പോഴും ആരോപണത്തെ നേരിട്ട ജലീലിന്റെ ശൈലിയെ കോടിയേരി ശക്തമായ ഭാഷയില്‍ തന്നെയാണ് വിമര്‍ശിച്ചത്.
പ്രത്യാരോപണമായി രമേശ് ചെന്നിത്തലയുടെ മകനെതിരേ ജലീല്‍ ആരോപണമുന്നയിച്ചതിനെ യു.ഡി.എഫ് ശൈലിയാണെന്ന് കോടിയേരി വ്യക്തമാക്കുകയും ചെയ്തത് മന്ത്രിയെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധിക്കാനില്ലെന്നതിന്റെ പ്രഖ്യാപനമാണ്.
തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്ത്രി സ്വന്തം നിലയില്‍ എല്‍.ഡി.എഫിന് ചേരുന്ന ശൈലിയിലാണ് പ്രതിരോധിക്കേണ്ടതെന്നും കോടിയേരി പറയാതെ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണം മറ്റു പാര്‍ട്ടി നേതാക്കള്‍ കാര്യമായി ഏറ്റു പിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
മാര്‍ക്ക്ദാനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സര്‍വകലാശാലയുടെ മേല്‍ പഴിചാരി രക്ഷപ്പെടാനും മന്ത്രിക്ക് കഴിയില്ലെന്ന് വ്യക്തമാണ്.
മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ വിവാദ അദാലത്തിലെ സാന്നിധ്യവും ഇടപെടലുകളുമാണ് ആരോപണം കൂടുതല്‍ ഊരാക്കുടുക്കാക്കി മാറ്റുന്നത്. സര്‍വകലാശാലയുടെ അക്കാദമികമായ കാര്യങ്ങളില്‍ നടന്ന ഇടപെടലാണ് വിവാദത്തെ മന്ത്രിയുടെ ഓഫിസുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ഈ ബന്ധം നിഷേധിക്കുക കെ.ടി ജലീലിനെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ല.
വിവാദങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വേട്ടയാടുന്ന ജലീലിന് എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം വലിയ കടമ്പയാകുകയാണ്. മാര്‍ക്ക്ദാന വിവാദത്തില്‍ രാജന്‍ ഗുരുക്കള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ വിചക്ഷണരും വിമര്‍ശിച്ചതോടെ ജലീലിനു മേല്‍ സമ്മര്‍ദമേറുകയാണ്.
തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കേണ്ടത് അദാലത്തിലല്ലെന്നും വിദ്യാര്‍ഥിയെ വീണ്ടും പരീക്ഷക്കിരുത്തുകയാണ് വേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ കൂടിയായ രാജന്‍ ഗുരുക്കള്‍ പറഞ്ഞിരുന്നു.
എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പി.കെ ഹരികുമാറും മന്ത്രിയെ വിമര്‍ശിച്ചിരുന്നു. തോറ്റ വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ അദാലത്തില്‍ തീരുമാനമെടുത്തത് വീഴ്ചയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ക്കു ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ശക്തമായി തന്നെ ഈ വിഷയം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും സമരം കൂടുതല്‍ ശക്തമാക്കുന്നത് സര്‍ക്കാരിന് തലവേദനയാകും. അതോടെ ജലീലിന് മേല്‍ രാജിക്ക് സമ്മര്‍ദമേറും. വിഷയം സി.പി.എം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞ സാഹചര്യത്തില്‍ വിവാദത്തിന്റെ കനലുകള്‍ പെട്ടെന്ന് കെട്ടടങ്ങില്ലെന്നും ഉറപ്പായിരിക്കുകയാണ്.
കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത്
ശരിയല്ല; ജലീലിനെ തിരുത്തി കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിവാദങ്ങളിലേക്ക് കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അതു യു.ഡി.എഫ് ശൈലിയാണ്. ഒരു ആരോപണം വരുമ്പോള്‍ മറു ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും കോടിയേരി തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി പറഞ്ഞു.
സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് അതിന്റെ ഉദ്ഘാടകന്‍.
മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്. ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്.
അദാലത്തിലല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.
മകന്‍ സിവില്‍ സര്‍വിസിലെത്തിയതില്‍ മന്ത്രി അസൂയപ്പെട്ടിട്ട് കാര്യമില്ല: ചെന്നിത്തല
തിരുവനന്തപുരം: തന്റെ മകന്‍ സിവില്‍ സര്‍വിസിലെത്തിയതില്‍ മന്ത്രി ജലീല്‍ അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ? യു.പി.എസ്.സി പരീക്ഷയെക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല. മകന്‍ രമിത്ത് ഇന്‍കം ടാക്‌സ് അസി. കമ്മിഷണറായി നാഗ്പൂരില്‍ പരിശീലനത്തിലാണ്.
അവധിയെടുത്ത് ഐ.എ.എസിനായി പരിശ്രമിക്കുന്നു. പ്രിലിമിനറിയും മെയിനും വിജയിച്ച് അഭിമുഖത്തിനായി കാത്തിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം കിട്ടിക്കോട്ടെ. താന്‍ ഇടപെട്ടെങ്കില്‍ ഐ.എ.എസ് തന്നെ വാങ്ങിനല്‍കില്ലേ, ഐ.ആര്‍.എസ് ആക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."