മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍; വിടവാങ്ങിയത് പാണമ്പ്രയുടെ ഗുരുനാഥന്‍
തേഞ്ഞിപ്പലം: പാണമ്പ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നാടിനു നഷ്ടമായത് തലമുറകള്‍ക്ക് അറിവുപകര്‍ന്ന നാട്ടുകാരുടെ ഗുരുനാഥനെ. പാണമ്പ്ര മഹല്ല് ജുമുഅത്ത് പള്ളിയില്‍ മുഅദ്ദിനായും ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായും 55 വര്‍ഷത്തോളം സേവനം ചെയ്ത തോട്ടത്തില്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (77) വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കവെ ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
1967ല്‍ ജോലിയില്‍ പ്രവേശിച്ച ഉസ്താദ് 2015ലാണ് സേവനം നിറുത്തുന്നത്. സേവന രംഗത്ത് അഞ്ചുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് മൊയ്തീന്‍കുട്ടി ഉസ്താദിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ദീര്‍ഘകാലത്തെ അധ്യാപനത്തിലൂടെ നൂറുക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുക്കാനായിട്ടുണ്ട്. ജനാസ ഉച്ചയ്ക്ക് രണ്ടരയോടെ തന്റെ ശിഷ്യരടക്കമുള്ള വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പാണമ്പ്ര മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന അനുസ്മരണ യോഗം മഹല്ല ഖത്വീബ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി അധ്യക്ഷനായി. എ.പി അബ്ദുല്‍ വഹാബ്, എ.പി അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര, നജീബ് ചേളാരി, പോക്കരുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."