ശുദ്ധവായു പൗരന്‍മാരുടെ അവകാശമെന്ന് ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: ശുദ്ധവായു ശ്വസിക്കുകയെന്നത് പൗരന്‍മാരുടെ അവകാശമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നത് നിരോധിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നടപടി ചോദ്യം ചെയ്ത് ദക്ഷിണ്‍ ഹരിയാന ബിജിലി വിതരണ്‍ നിഗം എന്ന വൈദ്യുതി വിതരണ കമ്പനി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഡല്‍ഹിക്ക് പുറമെ സമീപപ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, സോണിപത്ത്, പാനിപ്പത്ത്, ബഹാദൂര്‍ഗഡ് എന്നിവിടങ്ങളിലും നിരോധനമുണ്ട്.
പരിസ്ഥിതിയും അതുവഴി ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് ഗോയല്‍ ചൂണ്ടിക്കാട്ടി. നിരോധനം മൂലം ഹരജിക്കാര്‍ക്ക് വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പരിസ്ഥിതി മലിനീകരണമുണ്ടാകാത്ത നിയമവിധേയമായ മറ്റു വഴി തേടുകയാണ് ചെയ്യേണ്ടതെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."