ആലംകോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് മുറികള്‍ ലേലം ചെയ്തു: ലേല നടപടികള്‍ പൊലിസ് സംരക്ഷണത്തില്‍; തടസപ്പെടുത്താന്‍ ശ്രമിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
ചങ്ങരംകുളം: പൊലിസിന്റെ കനത്തസുരക്ഷയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളുടെ പുനര്‍ലേലം നടന്നു. ലേലം തടസപ്പെടുത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റിലായി. ഇന്നലെ രാവിലെ പത്തോടെയാണ് പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളുടെ പുനര്‍ലേലം കോംപ്ലക്‌സ് പരിസരത്ത് നടന്നത്. സ്ഥലത്ത് സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്നറിഞ്ഞ് കനത്ത പൊലിസ് സുരക്ഷയോടെയാണ് ലേലനടപടികള്‍ ആരംഭിച്ചത്. പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആണ് ആലംകോട് പഞ്ചായത്തില്‍ ബസ് ബേ കം ഷോപ്പിംങ് കോംപ്ലക്‌സ് എന്ന പേരില്‍ ഈ പദ്ധതി തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടുവര്‍ഷം മുന്‍പ് ലേല നടപടികള്‍ നടന്നെങ്കിലും നിര്‍ദ്ദിഷ്ട ചങ്ങരംകുളം ബസ് ബേ കം ഷോപ്പിംങ് കോംപ്ലക്‌സിനു മുന്നിലെ വില്ലേജ് ഓഫിസ് കെട്ടിടം മാറ്റാത്തതിനാല്‍ ബസുകള്‍ക്ക് കയറാനുള്ള റോഡ് അടക്കമുള്ള സൗകര്യങ്ങളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഉയര്‍ന്ന വിലക്ക് അന്ന് റൂമുകള്‍ ലേലം ചെയ്തവര്‍ ബസുകള്‍ കയറാതെ തങ്ങള്‍ക്ക് വ്യാപാരം നടത്താന്‍ സാധിക്കില്ലെന്നും ബസ് ബേ സഹിതമാണെന്നതിനാലാണ് തങ്ങള്‍ കെട്ടിടം വാങ്ങിയതെന്നും പരാതി ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് ബസ് ബേ കം ഷോപ്പിംങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടത്താനായില്ല.
വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം പഴയ ബസ് സ്റ്റാഡില്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ രണ്ടു സ്ഥലങ്ങളിലെയും ഭൂമി വിലയിലും അളവിലും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പദ്ധതി വീണ്ടും വൈകി. ഒടുവില്‍ രണ്ടുവര്‍ഷം മുന്‍പ് ഷോപ്പിങ് കോംപ്ലക്‌സില്‍ മുറികള്‍ ലേലം ചെയ്തവര്‍ ബസുകള്‍ കയറാതെ വ്യാപാരം തുടങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പുനര്‍ലേലം നടത്താന്‍ കോടതി ഉത്തരവിട്ടത്.
എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് പുനര്‍ലേലത്തില്‍ പങ്കെടുക്കാനാകില്ലെന്നും കോടതി വിധിച്ചിരുന്നു. പക്ഷെ കോടതി വിധിയെ തുടര്‍ന്ന് അസാധുവാക്കിയ പഴയ ലേലത്തിലെ ലേലതുകയായി പഞ്ചായത്ത് പിരിച്ചെടുത്ത നാല്‍പത് ലക്ഷം മുന്‍പ് ലേലം എടുത്തവര്‍ക്ക് തിരിച്ചുനല്‍കിയിരുന്നില്ല. മുന്‍പ് കെട്ടിവെച്ച ലേലത്തുക തിരുച്ചു ലഭിക്കാതിരുന്നാല്‍ പരാതിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ലേലത്തുക തിരിച്ചു വാങ്ങാന്‍ ഇവര്‍ പഞ്ചായത്തിനെ സമീപിച്ചു. പുനര്‍ലേലം മാറ്റി വയ്ക്കണമെന്നും തങ്ങളുടെ ലേലത്തുക തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ലേല നടപടികള്‍ തടസപ്പെടുത്തുന്നതിന് ഒരു കൂട്ടര്‍ ശ്രമം നടത്തിയതോടെ വളാഞ്ചേരി സി.ഐ എം.കെ ഷാജി ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് , പെരുമ്പടപ്പ് എസ്.ഐ വി. വിനോദ് എന്നിവരുടെ നേത്യത്യത്തിലുള്ള പൊലിസ് സംഘം അഞ്ചു പേരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ലേല നടപടികള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."