പ്രതികളുടെ ജാമ്യാപേക്ഷ തള്ളി റിമാന്‍ഡ് കാലാവധി നവംബര്‍ രണ്ടുവരെ നീട്ടി
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, രണ്ടാംപ്രതി പുതുപ്പാടി കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ് മാത്യു എന്ന ഷാജി, മൂന്നാംപ്രതി താമരശ്ശേരി പള്ളിപ്പുറം പൊയിലിങ്ങല്‍ പ്രജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ റിമാന്‍ഡ് കാലാവധി നവംബര്‍ രണ്ടുവരെ നീട്ടി.
രാവിലെ പതിനൊന്നോടെയാണ് മൂന്ന് പ്രതികളെയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ അഭിഭാഷകര്‍ നേരത്തെതന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതുതള്ളി റിമാന്‍ഡ് ചെയ്യുകയായിരുന്നു. റോയ് വധക്കേസില്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെട്ടില്ല.
തിങ്കളാഴ്ച സിലി വധക്കേസില്‍ പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ച് പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയശേഷം പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇതിനിടെ ഒന്നാംപ്രതി ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കം ഉണ്ടായി.
ബാര്‍ അസോസിയേഷനിലെ അഭിഭാഷകരും ജോളിയുടെ അഭിഭാഷകരും തമ്മിലാണ് വക്കാലത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്. ആളൂരിനെ താന്‍ കേസ് ഏല്‍പ്പിച്ചില്ലെന്ന ജോളിയുടെ വെളിപ്പെടുത്തല്‍ സത്യമാണോയെന്ന് ജോളിയില്‍നിന്നും ചോദിച്ചറിയണമെന്ന് ബാര്‍ അസോസിയേഷനുവേണ്ടി ഏതാനും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു.
സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്നും വാദമുയര്‍ന്നു.
എന്നാല്‍ ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന് കോടതി മറുപടി നല്‍കി. ജോളി വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും അവര്‍ക്ക് വക്കാലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."