എല്‍.ഡി.എഫ് ബൂത്തില്‍നിന്നു സ്ലിപ്പ് വാങ്ങി; 'കള്ളവോട്ടില്‍' കുടുങ്ങി യുവതി
മഞ്ചേശ്വരം: വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത യുവതിക്ക് എല്‍.ഡി.എഫ് ബൂത്തില്‍നിന്നു സ്ലിപ്പ് നല്‍കി. ബൂത്തിലെത്തിയ യുവതി 'കള്ളവോട്ട്' ആരോപണത്തില്‍ കുടുങ്ങി പൊലിസ് കസ്റ്റഡിയിലുമായി. വോട്ട് തള്ളിയതാണെന്ന് അറിയാതെയാണ് യുവതി വോട്ടു ചെയ്യാന്‍ എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പൊലിസ് ആള്‍മാറാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
വൊര്‍ക്കാടി പഞ്ചായത്തിലെ ബ്രക്കവയല്‍ 42 -ാം ബൂത്തിലായിരുന്നു സംഭവം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വരെ ഇതേ ബൂത്തില്‍ വോട്ടു ചെയ്ത നഫീസയാണ് ഇന്നലെയും വോട്ടു ചെയ്യാനെത്തിയത്. പോളിംഗ് സ്‌റ്റേഷനു പുറത്തുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബൂത്തില്‍ നിന്നാണ് സ്ലിപ്പ് വാങ്ങിയത്.
ഇവിടെനിന്നു വോട്ടര്‍പട്ടികയിലെ റോള്‍ നമ്പര്‍ എഴുതിക്കൊടുക്കുകയായിരുന്നു. എന്നാല്‍ ബൂത്തില്‍ എത്തി ഒപ്പിട്ടപ്പോഴാണ് വോട്ടറല്ലെന്ന ആരോപണം എല്‍.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ ഉന്നയിച്ചത്. സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടായിരുന്നു നഫീസ വോട്ട് ചെയ്യാന്‍ എത്തിയതും. പ്രിസൈഡിംഗ് ഓഫിസര്‍ പരിശോധന നടത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍പട്ടികയിലെ പേരുള്ള ആളും വ്യത്യാസമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ചേശ്വരം പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസ് എത്തി സഫീസയെ കസ്റ്റഡിയില്‍ എടുത്തു.
കള്ളവോട്ട് ശ്രമമല്ലെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും നഫീസയുടെ ഭര്‍ത്താവും പറഞ്ഞു.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ വിവാഹം കഴിച്ചുപോയ നഫീസയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്നു മാറ്റിയത് അറിയാതെ എത്തിയാണ് വോട്ടു ചെയ്യാന്‍ ശ്രമിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് ആള്‍മറാട്ടത്തിന് കേസെടുത്തു ജാമ്യത്തില്‍ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."