മൂന്ന് അന്നദാനങ്ങളുടെ കഥ
പരമകാരുണികനായ റബ്ബുല്‍ ആലമീന്‍ മരണാനന്തരം എല്ലവരെയും ഒരുമിച്ചുകൂട്ടുന്നു. വിചാരണ തുടങ്ങുകയാണ്. ''ഹേ, മനുഷ്യാ... ഞാന്‍ വിശന്നപ്പോള്‍ എന്തേ നീ എനിക്കു ഭക്ഷണം നല്‍കാതിരുന്നത്.''
മനുഷ്യന്‍ പറയും: ''പടച്ച തമ്പുരാനേ, നീ എങ്ങനെ വിശക്കാനാണ്, പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും അന്നം നല്‍കുന്നതു നീയല്ലയോ.''
അല്ലാഹു പറയുന്നു: ''ഞാന്‍ വിശക്കുക എന്നു പറഞ്ഞാല്‍ എന്റെ അടിമ വിശക്കുക എന്നാണ്. ''
ആ ഓര്‍മയിലാണ് ഹിജ്‌റ 1438-ാം ആണ്ടിലെ വിശുദ്ധമാസം കടന്നുവരുന്നത്. മാനവകുലത്തിനാകെ മാര്‍ഗദര്‍ശിയായി പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതിന്റെ വാര്‍ഷികം.
എല്ലാ വര്‍ഷവും ഹിജ്‌റയുടെ ഒന്‍പതാംമാസത്തില്‍ ഈ പുണ്യദിവസങ്ങള്‍ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ദിനരാത്രങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഉപവാസവും ഉപാസനയുമായി നാടും നഗരവും അതിനെ സ്വാഗതം ചെയ്യുന്നു. മുപ്പതാം നാളില്‍ ഈദാശംസ നേര്‍ന്നുകൊണ്ടു സുഭിക്ഷമായി നാം റമദാനിനെ യാത്രയാക്കുകയും ചെയ്യുന്നു.
ഒരുമാസക്കാലത്തെ ആത്മശുദ്ധീകരണം തുടര്‍നാളുകളിലേയ്ക്കു നമുക്കെന്തു നല്‍കി. റമദാനുശേഷമുള്ള ജീവിതം വ്യത്യസ്തമാക്കാനുള്ള പാഠങ്ങള്‍ എല്ലാം നാം പഠിച്ചുവോ. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ നേരേചൊവ്വേ നേരിടാന്‍ നമ്മില്‍ എത്രപേര്‍ക്കു സാധിക്കുന്നു.
ഇന്ത്യയുടെ തലസ്ഥാനത്തു നിന്നിതാ വ്യത്യസ്തമായ ഒരു ചരിത്രകഥ. സ്വതന്ത്ര ഇന്ത്യയില്‍ വെല്ലുവിളികള്‍ ഏറെ സഹിച്ചു മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ആളും അര്‍ഥവുമായ എം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്. സമൂഹം അദ്ദേഹത്തെ സമുദായത്തിന്റെ നേതാവ് എന്നര്‍ഥത്തില്‍ ഖാഇദേ മില്ലത്ത് എന്നു വിളിച്ചത് വെറുതെയായിരുന്നില്ല.
പാകിസ്താന്‍ രൂപവല്‍ക്കരണത്തോടെ മുസ്‌ലിം നേതാക്കളാകെ അതിര്‍ത്തി കടന്നുപോയപ്പോള്‍ ഈ മണ്ണില്‍ ജനിച്ച ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഇവിടെത്തന്നെ അഭിമാനത്തോടെ ജീവിക്കാന്‍ പച്ചക്കൊടി ഉയര്‍ത്തിയ മഹാമനുഷ്യന്‍.
അദ്ദേഹത്തിന്റെ സ്മാരകമായി ഇന്ത്യയില്‍ തപാല്‍ മുദ്ര ഇറക്കുകയും തമിഴ്‌നാട്ടില്‍ ഒരു ജില്ലയ്ക്ക് അദ്ദേഹത്തിന്റെ പേരിടുകയും ചെയ്തതു പില്‍ക്കാലചരിത്രം. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ എടുത്തുചാടി കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് പൊതുരംഗത്തിറങ്ങിയ നേതാവായിരുന്നു. ചൈനയും പാകിസ്താനും ഇന്ത്യയെ ആക്രമിച്ചപ്പോള്‍ തന്റെ പുത്രനെ ഇന്ത്യക്കുവേണ്ടി ഏതു ദൗത്യവും ഏല്‍പ്പിക്കാനായി പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനു കത്തെഴുതിയ ഇസ്മാഈല്‍ സാഹിബ് ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു.
പത്മഭൂഷന്‍ ബഹുമതി നേടിയ പ്രശസ്ത പത്രലേഖകനായ ടി.വി.ആര്‍ ഷേണായ് അവസാന നാളുകളില്‍ ഇസ്മാഈല്‍ സാഹിബിനെ കണ്ട അനുഭവം മലയാള മനോരമയില്‍ (1971 നവംബര്‍ 21) ഇങ്ങനെ കുറിക്കുകയുണ്ടായി:
'എഴുപത്തഞ്ചാമത്തെ വയസിലും റമദാന്‍ വ്രതം അനുഷ്ഠിച്ചുകൊണ്ടാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്മാഈല്‍ സാഹിബ് ദീര്‍ഘയാത്ര ചെയ്തു ഡല്‍ഹിയിലെത്തിയത്. വ്രതാനുഷ്ഠാനമെന്ന നിര്‍ബന്ധത്തില്‍നിന്നു യാത്രക്കാരനെ ഒഴിവാക്കിയിരുന്നുവെങ്കിലും അസുഖത്തോടെ തന്നെ അദ്ദേഹം നോമ്പെടുക്കുകയായിരുന്നു. അന്നു രാത്രി താമസസ്ഥലമായ വെസ്‌റ്റേണ്‍ കോര്‍ട്ടില്‍ ക്ഷീണിച്ചുകയറിയ അദ്ദേഹത്തെ രക്തംഛര്‍ദിച്ച് പ്രജ്ഞയറ്റ നിലയില്‍ ആശുപത്രിയിലേക്കെടുത്തു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ രോഗം അല്‍പം മെച്ചപ്പെട്ടപോലെ തോന്നി. ഡോക്ടര്‍ വന്നപ്പോള്‍ ഇസ്മാഈല്‍ സാഹിബാണ് അദ്ദേഹത്തിന്റെ കൈപിടിച്ചത്, ഈദ് മുബാറക് നേരാന്‍.'
ഷേണായ് എഴുതുന്നു: 'സാഹിബ് പറഞ്ഞു, ഞാന്‍ പ്രാര്‍ഥന നടത്തി, നാട്ടില്‍ സമാധാനത്തിനുവേണ്ടി. ഉപഭൂഖണ്ഡത്തിലാകെ സംഘര്‍ഷം നിറഞ്ഞുനില്‍ക്കുമ്പോള്‍ മറ്റെന്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍. നമുക്കു യുദ്ധം വേണ്ട. അഥവാ യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യ വിജയിക്കണമേയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. പെരുന്നാള്‍ പുലരുകയായിരുന്നു. പെരുന്നാള്‍ ഭക്ഷണം ആ കിടക്കയിലും എത്തി. പക്ഷേ, അദ്ദേഹം അതു പാവപ്പെട്ട ഒരു രോഗിക്ക് ദാനം ചെയ്യുകയാണു ചെയ്തത്. അദ്ദേഹം പറഞ്ഞു: 'എനിക്ക് രോഗിയുടെ ഭക്ഷണം മതി.'
ഇസ്മാഈല്‍ സാഹിബ് ദിവംഗതനായി വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ പ്രധാനശിഷ്യന്മാരില്‍ ഒരാളുടെ അന്നദാനം എങ്ങനെയോ പുറത്തുവന്നു. കേരളത്തില്‍ സ്പീക്കറും മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയയാണു കഥാപാത്രം.
സി.എച്ച് മന്ത്രിയെന്ന നിലയില്‍ എം.എല്‍.എമാരെ നയിച്ച് ഉത്തരേന്ത്യയില്‍ ഒരു തീവണ്ടിയാത്രയിലായിരുന്നു. ഡല്‍ഹിയില്‍നിന്നു പഞ്ചാബിലേക്കായിരുന്നു യാത്ര. സംഘത്തില്‍ അംഗമായിരുന്ന മുന്‍മന്ത്രി എം.പി ഗംഗാധരന്‍ അത് അനുസ്മരിച്ചു. എല്ലാവര്‍ക്കും വിശക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിനു കുറച്ചു ചോറു കിട്ടി. എല്ലാവരും കൈകഴുകി വന്നു. ഓരോരുത്തര്‍ക്കും കിട്ടിയ ഭക്ഷണം വിശപ്പു മാറ്റാന്‍ തികയില്ല.
സി.എച്ച് പെട്ടിതുറന്നു. ഒരു വെള്ളക്കടലാസ് എടുത്തു. സിറ്റീല്‍ വിരിക്കാനായിരിക്കുമെന്നാണു കൂട്ടുകാര്‍ കരുതിയത്. എന്നാല്‍ സി.എച്ച് ആ പൊതിയില്‍നിന്ന് അല്‍പം ചോറു മാത്രം തന്റെ പ്ലേറ്റിലിട്ടു. ബാക്കി ആ കടലാസില്‍ പൊതിയാക്കി. നേരം പുലര്‍ന്നാല്‍ കഴിക്കാന്‍ പ്രാതലിനു കരുതിവയ്ക്കുകയായിരിക്കുമെന്നു മറ്റുള്ളവര്‍ കരുതി.
സി.എച്ച് ഭക്ഷണപ്പൊതിയുമായി വാഷ്‌ബേസിനരികിലേയ്ക്ക്. പുറത്തേക്കെറിയാന്‍ പോകുകയാണോ. കൂട്ടുകാര്‍ പുറകെ ചെന്നു. ആ ഇടനാഴിയില്‍ എല്ലുന്തിയ പ്രായം ചെന്ന സ്ത്രീ കിടക്കുന്നു. സി.എച്ച് അവരെ വിളിച്ചുണര്‍ത്തി മുഖവും കൈകളും കഴുകിവരാന്‍ പറഞ്ഞു. ഇരുട്ടിനെ മുറിച്ചുപായുന്ന ആ തീവണ്ടിയില്‍ കൈകഴുകി വന്ന ആ സ്ത്രീക്കു മുന്നില്‍ സി.എച്ചും ഇരുന്നു. ചോറ് ഉരുളയാക്കി ആ കൈകളില്‍ വച്ചുകൊടുക്കുന്നു.
ഇങ്ങനെയും ഒരു മന്ത്രിയോ, അജ്ഞാതയായ ഭിക്ഷക്കാരിക്കു ചോറു വാരിക്കൊടുക്കുന്ന ഈ ആള്‍ മാലാഖയോ എന്നു തോന്നിപ്പോയെന്നാണ് എം.പി ഗംഗാധരന്‍ സി.എച്ച് സ്മരണികയില്‍ കുറിച്ചിട്ടത്.
ഇനിയുമൊരാള്‍ ഈയിടെ സ്വര്‍ഗലോകം പുല്‍കിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് സാഹിബ്. ഖാഇദേ മില്ലത്തിന്റെ തര്‍ജമക്കാരനായ വിദ്യാര്‍ഥിനേതാവായും സി.എച്ചിന്റെ പ്രഥമശിഷ്യനായും വിരാജിച്ച മുന്‍കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രസിഡന്റും.
ഒരു നിഴല്‍പോലെ ദീര്‍ഘകാലം അഹമ്മദ് സാഹിബിനോടൊപ്പം കഴിഞ്ഞ പേഴ്‌സണല്‍ സെക്രട്ടറി ചേലേമ്പ്ര ശഫീഖ് അറിയാതെ പറഞ്ഞുപോയ കഥ ഇതാണ്.
ന്യൂഡല്‍ഹി ജുമാമസ്ജിദ് സ്ട്രീറ്റിലെ പള്ളിയിലായിരുന്നു തലസ്ഥാനത്തുണ്ടായപ്പോഴൊക്കെയും അഹമ്മദ് സാഹിബ് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ചെല്ലാറ്. ആ മുഹല്ലയിലെ ചുറ്റുവട്ടത്തു ധാരാളം യാചകര്‍. കുറേപേര്‍ കുഷ്ഠരോഗികള്‍. അവര്‍ക്ക് എല്ലാ വെള്ളിയാഴ്ചയും റൊട്ടിയോ ഇറച്ചിയോ ബിരിയാണിയോ ലഭിക്കും. പന്ത്രണ്ടു വര്‍ഷമായി ആ സൗജന്യസദ്യ ലഭിക്കുന്നു. തൊട്ടടുത്ത സയ്യിദ് ഹോട്ടലില്‍നിന്നാണ് അതു കൊണ്ടുവരാറ്.
അഹമ്മദ് സാഹിബ് മരണപ്പെട്ടതിന്റെ പിറ്റേന്നത്തെ വെള്ളിയാഴ്ച വരുന്നു. ഹോട്ടല്‍ ഉടമ മര്‍സൂഖ് ഖാനു സംശയം, നാളെയും ഉച്ചഭക്ഷണം തുടരണമോ. അദ്ദേഹം ശഫീഖിനെ വിളിച്ചു ചോദിച്ചു. ശഫീഖ് അഹമ്മദ് സാഹിബിന്റെ മക്കളോട് ആരാഞ്ഞു. മക്കള്‍ പറഞ്ഞു പ്രിയങ്കരനായ ഉപ്പ തുടങ്ങിയതല്ലേ, അതു തുടരട്ടെ.
ശഫീഖ് പറഞ്ഞത്, ഒരിക്കലും പുറത്തു പറയരുതെന്ന് സാഹിബ് ചട്ടം കെട്ടിയിരുന്നു. എന്നാല്‍, ഹോട്ടല്‍ ഉടമയുടെ വിളിവന്നപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പിപ്പോയി. പാവപ്പെട്ട ആ രോഗികളെങ്കിലും ഓര്‍ക്കുന്നു, തങ്ങള്‍ക്ക് ചോറ് തന്നുകൊണ്ടിരിക്കുന്ന മനുഷ്യന് മരണമില്ല.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല എന്ന നബിവചനം മനസിലേക്കോടിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."