പ്രതിഷേധം; മിസോറം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മാറ്റി
ഐസോള്‍: ശക്തമായ പ്രക്ഷോഭത്തിനിടെ മിസോറം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എസ്.ബി ശശാങ്കിനെ നീക്കി. പകരമായി ആശിഷ് കുന്ദ്രയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നടപടി.
പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ രംഗത്തെത്തിയതോടെ മിസോറമില്‍ ഇതുവരെയുണ്ടാകാത്ത പ്രതിഷേധമാണുണ്ടായിരുന്നത്. ശശാങ്കിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുവാന്‍ഗോയെ നീക്കിയതോടെയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. ബ്രൂ ഗോത്രത്തില്‍പ്പെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കാനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടുവെന്നായിരുന്നു അരോപണം.
ചുവാന്‍ഗോയെ നീക്കിയതോടെയാണ് ബ്രൂ വിരുദ്ധരായ ഭൂരിപക്ഷ 'മിസോ' ഗോത്രക്കാര്‍ പ്രതിഷേധം തുടങ്ങിയത്. മിസോറം എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും ശശാങ്കിനോടു ഡല്‍ഹിയിലെ കമ്മിഷന് ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നു ശശാങ്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയിരുന്നു.
ശശാങ്കിനെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്നു സംസ്ഥാനത്തെ ഉദ്യോഗസ്ഥരും നിലപാടെടുത്തതോടെ തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."