ബന്ധു നിയമനം: എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
കോഴിക്കോട്: ബന്ധു നിയമനത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ പൊലിസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു.
അറസ്റ്റു ചെയ്ത പ്രവര്‍ത്തകര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് സ്‌റ്റേഷനിലെത്തിയ നേതാക്കളേയും പ്രവര്‍ത്തകരേയും പൊലിസ് വീണ്ടും ലാത്തിച്ചാര്‍ജ് ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉള്‍പ്പെടെ ആറ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ത്ത് കലക്ടറേറ്റ് വളപ്പില്‍ കടന്നതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പിന്നീടാണ് പൊലിസ് ലാത്തി വീശിയത്. അരമണിക്കൂറോളം കലക്ടറേറ്റ് പരിസരം സംഘര്‍ഷഭരിതമായി. അപ്രതീക്ഷിതമായി കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ചില പൊലിസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും അസ്വസ്ഥതയുണ്ടായി.
ലാത്തിച്ചാര്‍ജില്‍ പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ അല്‍പസമയത്തിന് ശേഷം തിരിച്ചു വന്ന് കലക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ഷിഹാബ് അധ്യക്ഷത വഹിച്ചു. ഷരീഫ്, ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചേറോട്, കെ.ടി. ജാസിം, സാജിദ് നടുവണ്ണൂര്‍ സംസാരിച്ചു.
തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയവരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടക്കാവ് സ്‌റ്റേഷനിലെത്തിയവര്‍ക്ക് നേരെയാണ് പൊലിസ് വീണ്ടും ലാത്തിച്ചാര്‍ജ് നടത്തിയത്. പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചപ്പോഴായിരുന്നു ലാത്തിച്ചാര്‍ജ്.
സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ.പി ഷിഹാബ് തുടങ്ങിവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത്.
കലക്ടറേറ്റ് മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത അറുപതോളം പേരെയാണ് നടക്കാവ് പൊലിസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നത്. ഇതില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ജോ.സെക്രട്ടറി വി.വി മുഹമ്മദലി, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചത്. പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് പുറത്ത് ഉപരോധം നടത്തി.
നേരത്തെ കലക്ടറേറ്റിനു മുന്‍പില്‍ നടന്ന സംഘര്‍ഷത്തില്‍ കല്ലേറില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു ഉള്‍പ്പെടെ അഞ്ച് പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് പൊലിസ് സ്‌റ്റേഷന്‍ എ.എസ്.ഐ അഷറഫ്, സി.പി.ഒ വി.പി നിസാര്‍, റിജിത്ത് എലത്തൂര്‍, ഷിജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."