മീരാ കുമാര്‍: രാഷ്ട്രീയത്തില്‍ അറിയപ്പെട്ടത് ജഗ്ജീവന്‍ റാമിന്റെ മകളായി
ന്യൂഡല്‍ഹി: സ്വാതന്ത്രസമരസേനാനിയും പ്രമുഖ ദലിത് നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജഗ്ജീവന്‍ റാമിന്റെ മകളായാണ് മീരാകുമാര്‍ പൊതുരംഗത്ത് സജീവമായത്.
അഭിഭാഷകയും നയതന്ത്രജ്ഞയുമായ അവര്‍ ഔദ്യോഗികജോലികള്‍ ഒഴിവാക്കിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 1945ല്‍ ബിഹാറില്‍ ജഗ്ജീവന്‍ റാമിന്റെയും സ്വാതന്ത്ര്യ സമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളായിട്ടാണ് ജനനം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.എ, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടി. 1973ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന ഇവര്‍ സ്‌പെയിന്‍, ബ്രിട്ടന്‍, മൗറീഷ്യസ് എന്നീ എംബസികളില്‍ സേവനമനുഷ്ഠിച്ചു.
പിന്നീട് മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലും ലണ്ടനിലെ ഹൈക്കമ്മീഷനിലും സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 85 വരെ വിദേശകാര്യമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവുമായി.
വിദേശ മന്ത്രാലയത്തിലെ സേനവത്തിനുശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1990- 92, 1996- 99 കാലയളവുകളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും 1990- 2000, 2000- 2004 കാലയളവുകളില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ചു. 1985ല്‍ ബിഹാറിലെ ബിജ്‌നോറില്‍ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ദലിത് നേതാക്കളായി അറിയപ്പെടുന്ന മായാവതിയെയും രാംവിലാസ് പാസ്വാനെയും പരാജയപ്പെടുത്തിയാണ് കന്നിയങ്കത്തില്‍ ജയിച്ചത്.
പിന്നീട് രണ്ടുതവണ ജയിച്ചെങ്കിലും വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ 1999ല്‍ പരാജയപ്പെട്ടു.
2004ല്‍ 14ാം ലോക്‌സഭയിലും 2009ല്‍ 15ാം ലോക്‌സഭയിലും ഇതേ മണ്ഡലത്തില്‍നിന്നുതന്നെ വിജയിച്ചു. 2004ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സാമൂഹ്യ-നീതിന്യായ വകുപ്പില്‍ സഹമന്ത്രിയായി. 2009ല്‍ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. സുപ്രിംകോടതി അഭിഭാഷകനായ മഞ്ജുള്‍ കുമാറാണ് ഭര്‍ത്താവ്. അന്‍ഷുല്‍, സ്വാതി, ദേവാംഗന മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."