ഹൃദയ ശസ്ത്രക്രിയക്ക് ശേഷം മരുന്ന് നിര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം
ഹൃദയ ശസ്ത്രക്രിയക്കു ശേഷം ചിലപ്പോള്‍ തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടിവരും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാണ് ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിക്കുന്നത്. തെറ്റിദ്ധാരണകള്‍ കാരണം മരുന്നു നിര്‍ത്തുകയാണെങ്കിലും ഡോക്ടറര്‍മാരുടെ നിര്‍ദേശം പ്രകാരം മാത്രമേ അതു ചെയ്യാവൂ. രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഹൃദയാഘാത ചികിത്സയ്ക്കുശേഷം ഉപയോഗിക്കുന്നത്.
ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഒത്തുചേര്‍ന്ന് രക്തം കട്ടപിടിക്കുന്ന പ്രക്രിയയയെ ആസ്പിരിന്‍ ഗുളികകള്‍ തടയുന്നു. പ്രതിദിനം 75 മുതല്‍ 150 വരെ മില്ലിഗ്രാം ആസ്പിരിന്‍ ഗുളികകളാണ് കഴിക്കേണ്ടത്. വയറെരിച്ചിലും ഉദര രക്ത സ്രാവവുമാണ് ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലം. അതുകൊണ്ട് ഭക്ഷണത്തിനുശേഷം മാത്രമേ മരുന്നു കഴിക്കാവൂ.
ആസ്പിരിനെ അപേക്ഷിച്ച് വിലയേറിയ മരുന്നാണ് ക്ലോപിഡോഗ്രല്‍. ആസ്പിരിനും ക്ലോപിഡോഗ്രലും ചേര്‍ത്തു തയാറാക്കിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. ഹൃദയ ശസ്ത്രക്രിയാനന്തരം ആദ്യത്തെ ഒരു വര്‍ഷം ചികിത്സയുടെ ഭാഗമായിട്ട് പിന്നീട് ആസ്പിരിന്‍ ചെറിയ ഡോസില്‍ ദീര്‍ഘ കാലം രോഗ പ്രതിരോധത്തിനും കഴിക്കുന്നത് ഉത്തമമാണ്.
ഇവ കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നുകള്‍, പ്രമേഹമുണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ തുടങ്ങിയവയും നല്‍കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."