മലയാള സര്‍വകലാശാലയ്ക്ക് കണ്ടല്‍ക്കാട് ഒഴിവാക്കിയുള്ള സ്ഥലം: സ്ഥിരം കാംപസിന് 11.15 ഏക്കര്‍ ഏറ്റെടുക്കും
തിരൂര്‍: മലയാള സര്‍വകലാശാലയ്ക്ക് സ്ഥിരം കാംപസ് ഒരുക്കാന്‍ തിരൂര്‍ മാങ്ങാട്ടിരിയിലെ കണ്ടല്‍ക്കാട് ഒഴികെയുള്ള ഭൂമി ഏറ്റെടുക്കും. വെട്ടം വില്ലേജ് പരിധിയില്‍ വരുന്ന 11.15 ഏക്കര്‍ ഏറ്റെടുക്കാനാണ് ഒടുവില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുപ്രകാരം ഭൂമിയുടെ വില നിശ്ചയിച്ച് ഉത്തരവിറങ്ങി. മാങ്ങാട്ടിരിയിലെ ഈ ഭൂമി ഏറ്റെടുക്കാന്‍ നേരത്തെ തീരുമാനിക്കുകയും തണ്ണീര്‍തടമായതിനാല്‍ പിന്നീട് വിവാദമാകുകയുമായിരുന്നു.
സി. മമ്മൂട്ടി എം.എല്‍.എയും പ്രതിപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ ഏറ്റെടുക്കല്‍ ശ്രമം പാതിവഴിയ്ക്ക് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ ഭൂമിയിലെ കണ്ടല്‍കാടുകള്‍ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുക്കാമെന്ന തീരുമാനം ഒടുവില്‍ കൈക്കൊള്ളുകയായിരുന്നു.
ഭൂമി മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചത്. രണ്ടര സെന്റിന് 3,95,376 രൂപ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലക്കായി നേരത്തെ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സ്ഥലപരിശോധനക്കായി റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടു മാസം മുമ്പ് സമിതി രൂപീകരിക്കുകയും നിലവില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മാങ്ങാട്ടിരിയിലെ ഭൂമി ഉള്‍പ്പടെ മൂന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടി. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ പ്രതിപക്ഷ സംഘടനകളും എം.എല്‍.എയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."