സി.എം അബ്ദുല്ല മൗലവി വധം: ഉന്നതസംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി
ഒരു മാസത്തിനകം റിപ്പോര്‍ട്ട് കൈമാറും
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസില്‍ ഉന്നതസംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ (ജിപ്മര്‍) അഡീഷനല്‍ പ്രൊഫസറും എച്ച്.ഒ.ഡിയുമായ ഡോ. കൗസ കുമാര്‍ ഷാഹ, അഡീഷനല്‍ പ്രൊഫസര്‍ ഡോ. വികാസ് മേനോന്‍, ഡോ. മൗഷിനി മുഖര്‍ജി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിവഴകന്‍, സൈക്കോളജിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പുതുച്ചേരിയിലേക്കു തിരികെപ്പോയി. തെളിവുകളും മൊഴികളും വിശകലനം ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഉന്നത മെഡിക്കല്‍ സംഘം സി.എം അബ്ദുല്ല മൗലവിയുടെ വസതിയും അബ്ദുല്ല മൗലവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കടല്‍ പരിസരവും പ്രദേശത്തെ കടുക്കക്കല്ല് എന്നിവയും സന്ദര്‍ശിച്ചിരുന്നു. ഇന്നലെ പാലക്കുന്നിലെ ഹോട്ടലില്‍വച്ചും വിവിധ ആളുകളില്‍നിന്ന് തെളിവെടുപ്പ് നടത്തി. സൈക്കോളജിക്കല്‍ ഓട്ടോപ്‌സി എന്ന രീതിയാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും ഇതുവച്ച് ശേഖരിച്ച തെളിവുകള്‍ വിശകലനം ചെയ്തു റിപ്പാര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
2010 ഫെബ്രുവരി 15 നാണ് 77 കാരനായ അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010 ഓഗസ്റ്റ് 20 ഓടെയാണ് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയത്. സി.ബി.ഐ രണ്ടു തവണ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ശാസ്ത്രീയ പരിശോധനകളും ആവശ്യമെങ്കില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി പരിശോധനയും ഉള്‍പ്പെടെ നടത്താന്‍ കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."