ഭരണഘടനയുടെ ആമുഖം കുട്ടികളും വായിക്കണം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം
കോവളം: ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികളും വായിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്‌റു സ്മൃതി -18 ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളതുപോലെ കടമകളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധ്യമുണ്ടാവണം. രാജ്യത്തിന്റെ ഭാവി കുട്ടികളിലായതിനാല്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചും അവിടത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികള്‍ അറിയണം. അതിനുതകുന്ന പുസ്തകങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരുന്നു. നെഹ്‌റു അടക്കമുള്ള നേതാക്കളെ അവരുടെ ചിന്തകളുടെ പേരില്‍ മാത്രമല്ല. അവര്‍ ഭാരതത്തിനു നല്‍കിയ സംഭാവനകളുടെ പേരിലാവണം ഓര്‍മിക്കപ്പെടേണ്ടതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ നല്‍കിയ നെഹ്‌റു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജിക്കുശേഷം ഭാരതസംസ്‌കാരത്തിന്റെ വൈവിധ്യത്തെ ഇത്രയധികം ഉള്‍ക്കൊണ്ട നേതാവ് വേറെയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കെ പത്മനാഭപിള്ളയെ ഗവര്‍ണ്ണര്‍ ആദരിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ജി രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരിജനറല്‍ റൈറ്റ് റവ. മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍എപ്പിസ്‌കോപ്പോ, പട്ടം സെയിന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോണ്‍ സി സി, പ്രധാന അധ്യാപകന എബി എബ്രഹാം ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."