വെള്ളല്ലൂരിലെ അജ്ഞാത മൃതദേഹം: ഒരു വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
കല്ലമ്പലം: വെള്ളല്ലൂരില്‍ റോഡരികിലെ കലുങ്കിനിടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടും മരിച്ചയാളെയോ കൊലപാതികളെയോ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. 2017 നവംബര്‍ 15ന് വൈകിട്ട് ആറോടെയാണ് നഗരൂര്‍ പഞ്ചായത്തിലെ വെള്ളല്ലൂര്‍ മാവേലി ജങ്ഷനില്‍ ക്ഷേത്രത്തിന് സമീപത്തെ ഓടയോട് ചേര്‍ന്ന് കലുങ്കിനിടയിലേക്ക് തിരുകി വച്ച നിലയില്‍ യുവാവിന്റെ മൃതശരീരം കണ്ടെത്തിയത്. ഉണങ്ങിയ ഓലയും പുല്ലും മൂടിയ നിലയിലായിരുന്നു മൃതദേഹം.
ദുര്‍ഗന്ധം മൂലം വഴിയാത്രക്കാര്‍ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയില്‍ മനുഷ്യ ശരീരം കണ്ടെത്തിയത്. കിളിമാനൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. തുടര്‍ന്ന് അന്നത്തെ കിളിമാനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 180 സെ.മീറ്റര്‍ ഉയരവും തടിച്ച ശരീരവുമുള്ള ഇയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ വിന്‍സ് 40 എന്ന് രേഖപ്പെടുത്തിയിരുന്നു. പോക്കറ്റില്‍ നിന്നും ഒരു ഡയോഡ്, ടെസ്റ്റര്‍ അടക്കമുള്ളവ കിട്ടിയതോടെ ഇലക്ട്രിക് ജോലിക്കാരനോ മൈക്ക് സെറ്റ് ഓപറേറ്ററോ ആണെന്ന നിലയിലായിരുന്നു ആദ്യ അന്വേഷണം. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ അന്വേഷണം നിലച്ച മട്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."