യുവാവിനും മാതാവിനും വീടുകയറി മര്‍ദനം; പൊലിസ് നടപടിയെടുക്കുന്നില്ലെന്ന്
കൊല്ലം: തട്ടാമല മുസ്‌ലിം ജമാഅത്ത് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം രാത്രിയില്‍ യുവാവിനെയും മാതാവിനെയും വീടുകയറി മര്‍ദിച്ചവര്‍ക്കെതിരെ പൊലിസ് ദുര്‍ബലമായ കേസ് ചാര്‍ജ് ചെയ്ത് നിസംഗത കാട്ടുന്നതായി ജമാഅത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരും അക്രമത്തിന് ഇരയാവരുടെ ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തട്ടാമല ശാര്‍ക്കര കുളത്തിന് സമീപം ശാര്‍ക്കര വീട്ടില്‍ ജമീലാബീവി, മകന്‍ നൗഷാദ് എന്നിവര്‍ക്കും അയല്‍വാസികള്‍ക്കുമാണ് പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തതോടെ ആക്രമികള്‍ വീടിനകത്തേക്ക് പടക്കം എറിയുകയും വീട്ടില്‍നുള്ളില്‍ കടന്ന് മാതാവിനെയും മകനെയും ക്രൂരമായി മര്‍ദിക്കുകയും മാതവിന്റെ വസ്ത്രം വലിച്ചു കീറുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ അയല്‍വാസികളെ തള്ളിയിട്ട ശേഷം ആക്രമികള്‍ കടന്നു കളയുകയായിരുന്നു.
സംഭവത്തില്‍ ഇരവിപുരം പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ജമീലാബീവി കമ്മിഷണറോട് നേരിട്ട് പരാതി ബോധിപ്പിച്ചതിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്നും മുഖ്യപ്രതികളായവര്‍ വെല്ലുവിളികളും ഭീഷണിയും ഉയര്‍ത്തിയിട്ടും പൊലിസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്ന് ജമാഅത്ത് തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥിയും ജമീലാ ബീവിയുടെ ബന്ധുവുമായ അബ്ദുള്‍ സലാം പറഞ്ഞു. ഇരവിപുരം എസ്.ഐ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കംമുതല്‍ സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എ. ബദറുദ്ദീന്‍, ഹാരീസ്, ഷെരീഫ്, സലീം മന്‍സൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."