HOME
DETAILS

വിശ്വാസ്യത നഷ്ടപ്പെടുന്ന സര്‍വകലാശാലകള്‍

  
backup
October 23 2019 | 20:10 PM

illegal-interventions-of-kerala-universities12

 

 

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് എത്തിപ്പെട്ടത്. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടക്കുന്ന മാര്‍ക്ക് ദാനവും മറ്റു നടപടികളും ഈ മേഖലയെ തകര്‍ക്കുകയാണ്. ഉന്നതമായ മൂല്യങ്ങളാലും ഉയര്‍ന്ന ദിശാബോധത്താലും നയിക്കപ്പെടേണ്ടവയാണ് സര്‍വകലാശാലകള്‍. മികച്ച അക്കാദമിക് പണ്ഡിതന്മാരാല്‍ അവ നയിക്കപ്പെടണമെന്നാണ് രാഷ്ട്രശില്‍പ്പികള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവയ്ക്കു സ്വയംഭരണമുള്‍പ്പെടെയുള്ള അധികാരങ്ങള്‍ നല്‍കിയതും. സംസ്ഥാനത്ത് ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പ്രൊഫ. സി. രവീന്ദ്രനാഥും തുടര്‍ന്ന് ഡോ. കെ.ടി ജലീലുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഇരുവരും ഈ പദവിയിലെത്തിയപ്പോള്‍ പൊതുസമൂഹത്തിനു വലിയ പ്രതീക്ഷകളാണുണ്ടായത്. പക്ഷേ, ആ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് നിലവിലുള്ളത്.
കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയതോടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയും അക്കാദമിക് മികവും തകര്‍ക്കപ്പെടുന്ന അതീവ ദയനീയ അവസ്ഥയാണുണ്ടായത്. ശ്രേഷ്ഠമായ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും സിന്‍ഡിക്കേറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാന്‍സലര്‍മാരെ ആജ്ഞാനുവര്‍ത്തികളാക്കുകയുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചെയ്യുന്നത്. സംസ്ഥാനം രൂപീകൃതമായ ശേഷം പ്രഗത്ഭമതികളായ എത്രയോ മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ, കെ.ടി ജലീലിനെപ്പോലെ ഇത്രയും നഗ്‌നമായി സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത മറ്റൊരു മന്ത്രിയില്ല. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ താനൊന്നും ചെയ്തിട്ടില്ല, സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറുമാണ് എല്ലാം ചെയ്തതെന്നുമായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. തെളിവുകള്‍ നിരത്തി മന്ത്രിയുടെ ഇടപെടല്‍ സ്ഥാപിച്ചപ്പോള്‍ താന്‍ ഇനിയും ചട്ടവും വകുപ്പുകളും ലംഘിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ധാര്‍ഷ്ഠ്യവും മന്ത്രി പ്രകടിപ്പിച്ചു.

തുടര്‍ക്കഥയാകുന്ന
മാര്‍ക്ക്ദാനവും തിരിമറികളും
പബ്ലിക് സര്‍വിസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുകളും മാര്‍ക്ക് തട്ടിപ്പും നേരത്തെ ഞെട്ടിപ്പിച്ചതാണ്. പക്ഷേ അതിനെക്കാള്‍ ഭീമമായ ക്രമക്കേടുകളാണ് സര്‍വകലാശാലകളില്‍നിന്ന് പിന്നാലെ പുറത്തുവന്നത്. നേരത്തെ കേരള സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് ജയിപ്പിച്ച സംഭവം വിവാദമായിരുന്നു. അതു മഞ്ഞുമലയുടെ ഒരഗ്രം മാത്രമായിരുന്നു. മന്ത്രിയുടെയും മന്ത്രിയുടെ ഓഫിസിന്റെയും അവിഹിത ഇടപെടലുകളുടെയും അമ്പരപ്പിക്കുന്ന വിവരങ്ങളുടെയും മലവെള്ളപ്പാച്ചിലാണു പിന്നാലെ ഉണ്ടായത്. എം.ജി സര്‍വകലാശാലയില്‍ നടന്ന ഗുരുതരമായ മാര്‍ക്ക്ദാനം എല്ലാ സീമകളെയും ലംഘിച്ച് മാര്‍ക്ക് കുംഭകോണത്തിന്റെ സ്വഭാവത്തിലേക്ക് എത്തുകപോലും ചെയ്തു. 2019 ഫെബ്രുവരി 22ന് എം.ജി സര്‍വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ കോതമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിക്ക് ആറാം സെമസ്റ്ററിലെ ഒരു പേപ്പറിന് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ കൈക്കൊണ്ട തീരുമാനമാണ് വന്‍തോതിലുള്ള മാര്‍ക്ക് കുംഭകോണത്തിലേക്ക് വഴിവച്ചത്.
നാഷനല്‍ സര്‍വിസ് സ്‌കീം അനുസരിച്ചുള്ള ഗ്രേസ് മാര്‍ക്ക് നല്‍കി തന്നെ വിജയിപ്പിക്കണമെന്ന ഈ കുട്ടിയുടെ അപേക്ഷ നേരത്തേ സര്‍വകലാശാല നിരസിച്ചതാണ്. കാരണം എന്‍.എസ്.എസിന്റെ ഗ്രേസ് മാര്‍ക്ക് നേരത്തെ ആ വിദ്യാര്‍ഥിനിക്കു നല്‍കിയിരുന്നു. എന്നിട്ടും അദാലത്തില്‍ ഒരു മാര്‍ക്ക് കൂട്ടിനല്‍കി വിദ്യാര്‍ഥിനിയെ വിജയിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതു നിയമവിരുദ്ധമാണെന്ന് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതിയതോടെ ആ വിഷയം അക്കാദമിക്ക് കൗണ്‍സിലിലേക്ക് വിട്ടു. പിന്നീടുണ്ടായത് അമ്പരപ്പിക്കുന്ന നടപടികളാണ്. അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കെ തന്നെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് വിഷയം പരിഗണിച്ചു. ഈ വിദ്യാര്‍ഥിനിക്കു മാത്രമല്ല, തങ്ങള്‍ക്ക് താല്‍പര്യമുള്ള പല കുട്ടികള്‍ക്കും മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കണമെന്ന അവകാശവാദം സിന്‍ഡിക്കേറ്റിലുണ്ടായി.
രണ്ടു മാര്‍ക്കും നാലു മാര്‍ക്കും കൂട്ടിക്കൊടുക്കണമെന്ന് വരെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ലേലം വിളി പോലെ ഒടുവില്‍ അഞ്ചു മാര്‍ക്ക് വരെ കൂട്ടിയിട്ടു നല്‍കാനും അതു കാലപരിധിയില്ലാതെ കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചത്. സര്‍വകലാശാല ഇതുവരെ നടത്തിയ ബി.ടെക് പരീക്ഷകളില്‍ ഏതെങ്കിലും സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള മോഡറേഷനു പുറമെ അഞ്ചുമാര്‍ക്ക് കൂട്ടി സിന്‍ഡിക്കേറ്റ് മോഡറേഷന്‍ നല്‍കാനാണു തീരുമാനിച്ചത്. വിചിത്രമായ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഓരോ സെമസ്റ്ററിലും ഓരോ പേപ്പറില്‍ അഞ്ചു മാര്‍ക്കുവരെ കൂട്ടിനല്‍കുക പോലുമുണ്ടായി. ആറ് സപ്ലിമെന്ററി പരീക്ഷകളില്‍ തോറ്റുകിടന്ന വിദ്യാര്‍ഥി പോലും അതോടെ ജയിച്ചതായി സര്‍ട്ടിഫിക്കറ്റും വാങ്ങിപ്പോയി. ആകെ 120 കുട്ടികള്‍ ഇങ്ങനെ ജയിച്ചതായി പറയുന്നുണ്ട്. തോറ്റ കുട്ടികളെ വെറുതെ മാര്‍ക്ക് കൂട്ടിയിട്ട് ജയിപ്പിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ.

മോഡറേഷനല്ല,
മാര്‍ക്ക് കൊള്ള തന്നെ


എം.ജി സര്‍വകലാശാലയില്‍ നടന്നത് മോഡറേഷനാണെന്നും അതിനെ മാര്‍ക്ക്ദാനമെന്നു ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വാദിക്കുന്നത്. എന്നാല്‍, ഇവിടെ നടന്നത് മാര്‍ക്ക്ദാനം പോലുമല്ല, അതിനുമപ്പുറം മാര്‍ക്ക് കൊള്ളയാണ്. ഓരോ പരീക്ഷയിലും റിസള്‍ട്ട് വരുന്നതിനു മുന്‍പ് പരീക്ഷയുടെ പൊതുവായ സ്വഭാവവും സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളുടെ എണ്ണവും വിദ്യാര്‍ഥികളുടെ പരീക്ഷയിലെ പ്രകടനവും മറ്റും കണക്കിലെടുത്ത് എക്‌സാമിനേഷന്‍ പാസ് ബോര്‍ഡുകളാണു മോഡറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. എത്ര മോഡറേഷനാണ് കിട്ടിയിരിക്കുന്നതെന്ന് അതു ലഭിച്ച വിദ്യാര്‍ഥികള്‍പോലും അറിയാന്‍ പാടില്ലെന്നാണു തത്വം. റിസള്‍ട്ട് വന്നാല്‍ റീവാല്വേഷന്‍ മാത്രമേ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള പോംവഴിയായി അവശേഷിക്കുന്നുള്ളൂ. സിന്‍ഡിക്കേറ്റുകള്‍ക്കോ, മന്ത്രിക്കോ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധികാരമില്ല. ഇവിടെ സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിച്ചത്. ഇതു തീര്‍ത്തും നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളാണ് താന്‍ ഇനിയും ചെയ്യുമെന്ന് മന്ത്രി വീമ്പുപറയുന്നത്.

വ്യക്തമായ ഗൂഢാലോചന
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ ആദ്യാവസാനം പങ്കെടുത്തത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി തന്നെയാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. അദാലത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്നത് ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരിയാണ് മാര്‍ക്ക് കൂട്ടിയിടണമെന്ന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥി എന്നതുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കിന് അടിവരയിടുന്നു. ഉദ്ഘാടന ചടങ്ങളില്‍ മാത്രമേ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തുള്ളൂ എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. മന്ത്രിയുടെ ആ വാദത്തെ പൊളിച്ചുകൊണ്ട് പ്രൈവറ്റ് സെക്രട്ടറി മണിക്കൂറുകളോളം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ പുറത്തുവിട്ടു. മന്ത്രി എന്തിനാണ് അസത്യം പറഞ്ഞത്, സംശയം ബലപ്പെടുത്തുന്നത് അതുതന്നെയാണ്.

ചട്ടലംഘനങ്ങളുടെ ഘോഷയാത്ര


മാര്‍ക്ക് കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. വളയമില്ലാത്ത ചാട്ടങ്ങള്‍ മിക്ക സര്‍വകലാശാലകളിലും നടന്നിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയിലും തോറ്റ കുട്ടികള്‍ക്ക് അഞ്ചു മാര്‍ക്ക് വീതം കൂട്ടിക്കൊടുക്കാനെടുത്ത തീരുമാനം അതിലൊന്നാണ്. എം.ജിയിലെ തന്നെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് അഞ്ചു മാര്‍ക്ക് കൂട്ടിനല്‍കിയത് മറ്റൊന്ന്. ആരോഗ്യ സര്‍വകലാശാലയിലെ എം.ബി.ബി.എസിനു മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിച്ചത് വേറൊന്ന്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും മാനദണ്ഡങ്ങള്‍ക്ക് എതിരാണ് ഇത്തരം തീരുമാനങ്ങള്‍. കേരള സര്‍വകലാശാലയിലെ മൂല്യനിര്‍ണയ ക്യാംപുകളില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് പരാതിയുണ്ടായി. കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് പങ്കെടുത്തത് ചട്ടവിരുദ്ധമായതിനാല്‍ ചില സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ വിട്ടുനിന്നു. ഇങ്ങനെ അവസാനിക്കാതെ നീളുകയാണ് സര്‍വകലാശാലയിലെ വിക്രിയകള്‍.
ഇതിനെല്ലാം പുറമെ വി.സിയെ മറികടന്ന് മന്ത്രി നേരിട്ട് ഇടപെട്ടതിന് ഉദാഹരണമാണ് ചേര്‍ത്തല എന്‍.എസ്.എസ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ്. കേരള സാങ്കേതിക സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ തയാറാക്കലിലും പരീക്ഷാ നടത്തിപ്പിനുമായി എക്‌സാമിനേഷന്‍ മാനേജിങ് കമ്മിറ്റിയെ (ഇ.എം.സി) വയ്ക്കാല്‍ മന്ത്രി വൈസ് ചാന്‍സലര്‍ക്ക് നേരിട്ട് ഉത്തരവ് നല്‍കിയത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ മന്ത്രി കൈകടത്തിയതിനുള്ള സംസാരിക്കുന്ന മറ്റൊരു തെളിവാണ്.

കണ്ണീര്‍ക്കഥകള്‍ മറയാക്കി
രക്ഷപ്പെടാന്‍ ശ്രമം


നിരന്തരം ക്രമക്കേടുകള്‍ പുറത്തുവന്നതോടെ കണ്ണീര്‍ക്കഥകള്‍ ചമച്ച് സഹതാപമുയര്‍ത്തി രക്ഷപ്പെടാനാണു മന്ത്രിയുടെ ശ്രമം. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് നല്‍കാന്‍ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണു മന്ത്രി പറയുന്നത്. ഒരു കാര്യം തുടക്കം മുതല്‍ ഇവിടെ വ്യക്തമാക്കിയിരുന്നു. അര്‍ഹമായത് അര്‍ഹമായവര്‍ക്ക് നല്‍കുന്നതിന് ആരും എതിരല്ല. പക്ഷേ, അത് നിയമാനുസൃതം നല്‍കണം. തോറ്റുകിടക്കുന്ന കുട്ടികള്‍ക്ക് വെറുതേ മാര്‍ക്ക് വാരിക്കോരി നല്‍കി ജയിപ്പിക്കുന്നതല്ല അര്‍ഹമായത് നല്‍കല്‍. വീട്ടില്‍ ദാരിദ്ര്യമാണ്, അച്ഛനു ചെറിയ ജോലിയാണ് എന്നുപറഞ്ഞ് ഒരു കുട്ടിക്ക് മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കാന്‍ കഴിയുമോ ദയാഹരജി പരിഗണിച്ചല്ല മാര്‍ക്ക് നല്‍കേണ്ടതെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ വാക്കുകളാണ് ഈ അവസരത്തില്‍ മന്ത്രിയെ ഓര്‍മിപ്പിക്കാനുള്ളത്. മന്ത്രിയുടെ ഇതുവരെയുള്ള വാദമുഖങ്ങളെല്ലാം പൊളിക്കുന്നതാണ് അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനും വിദ്യാഭ്യാസ വിചക്ഷണനുമായ രാജന്‍ ഗുരുക്കളുടെ വാക്കുകള്‍.
മാനുഷിക പരിഗണനയെക്കുറിച്ച് ഇപ്പോള്‍ വാചാലനാവുന്ന മന്ത്രി പഴയ ഒരു കഥ ഓര്‍ക്കണം. 2012ല്‍ റാഗിങ്ങിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍ജിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ആ കുട്ടിയെ കോഴിക്കോട് എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ഥന അനുസരിച്ച് വി.സി ഉത്തരവിറക്കി. അതിനെതരേ സമരം ചെയ്ത് ഉത്തരവ് റദ്ദാക്കിച്ചവരാണ് സി.പി.എമ്മുകാര്‍. ഇവിടെയാകട്ടെ വി.സിയെ മറികടന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.
നിയമലംഘനങ്ങളെല്ലാം നടത്തിയ ശേഷം മാനുഷിക പരിഗണനയുടെ വാചകക്കസര്‍ത്ത് നടത്തി രക്ഷപ്പെടാന്‍ മന്ത്രിക്ക് കഴിയില്ല. ഇതുവരെ കേരളം ഭരിച്ച മിക്കവാറുമെല്ലാ വിദ്യാഭ്യാസ മന്ത്രിമാരും മാനുഷിക പരിഗണന കൊടുത്തുതന്നെയാണ് ഭരണം നടത്തിയിട്ടുള്ളത്. പക്ഷേ, അവര്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് പാവപ്പെട്ടവരെയും സാധുക്കളുമായ വിദ്യാര്‍ഥികളെ യും സഹായിച്ചത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ജോണ്‍മത്തായി സന്ദര്‍ശത്തിന് അനുമതി ചോദിച്ചപ്പോള്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് അങ്ങോട്ടുചെന്ന് കാണുകയാണുണ്ടായത്. അതാണ് കേരളം വി.സിമാര്‍ക്ക് നല്‍കുന്ന ആദരവ്. കെ.ടി ജലീല്‍ അത് അറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  4 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago